മൈസൂരുവില്‍ വാഴത്തോട്ടം, കേരളത്തിലേക്ക് ലഹരിക്കടത്ത്; സംഘത്തിലെ പ്രധാന കണ്ണി 'ഡാനി' പിടിയില്‍
ആലുവ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി ധനേഷ് എസ് നായർ അറസ്റ്റിലായി.
ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ തുടർ അന്വേഷണത്തിൽ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണി കൂടി പോലീസിന്റെ പിടിയിലായി. ഹരിപ്പാട് വയ്യാപുരം സ്വദേശിയായ ധനേഷ് എസ്. നായരാണ് (ഡാനി) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ 185 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ഹരികൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ധനേഷിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. മൈസൂരുവിനടുത്തുള്ള നഞ്ചൻഗുഡിലാണ് ധനേഷ് നിലവിൽ താമസിക്കുന്നത്.
ഇവിടെ സ്വന്തമായി വാഴത്തോട്ടമുള്ള ഇയാൾ, കേരളത്തിലേക്ക് അയക്കുന്ന നേന്ത്രപ്പഴക്കുല ലോഡുകൾക്കുള്ളിൽ രഹസ്യമായി ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളും സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിചിത്രമായ കടത്തുരീതി പുറത്തുകൊണ്ടുവരാൻ പോലീസിന് സാധിച്ചത്.
Comments ()