ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ നടപടി; വടക്കൻ കേരളത്തിൽ 150 കിലോമീറ്റർ സുരക്ഷാ വേലി

ട്രാക്കിലേക്ക് ആളുകളും മൃഗങ്ങളും പ്രവേശിക്കുന്നത് തടയുന്നതിലൂടെ അപകടസാധ്യത കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സുരക്ഷാ വേലി ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്

ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ നടപടി; വടക്കൻ കേരളത്തിൽ 150 കിലോമീറ്റർ സുരക്ഷാ വേലി

കൊല്ലം: ട്രെയിൻ സർവീസുകളുടെ സുരക്ഷയും വേഗതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി വടക്കൻ കേരളത്തിൽ ട്രാക്കിന് ഇരുവശവും സുരക്ഷാ വേലി സ്ഥാപിക്കാൻ ദക്ഷിണ റെയിൽവേ പദ്ധതി. പഴയങ്ങാടി-ബേക്കൽ ഫോർട്ട്, കൊയിലാണ്ടി-തലശേരി സെക്ഷനുകളിലായി ആകെ 150 കിലോമീറ്റർ ദൂരത്തിലാണ് വേലി നിർമ്മിക്കുക.

ട്രാക്കിലേക്ക് ആളുകളും മൃഗങ്ങളും പ്രവേശിക്കുന്നത് തടയുന്നതിലൂടെ അപകടസാധ്യത കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സുരക്ഷാ വേലി ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊയിലാണ്ടി-തലശേരി പാതയിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ സർവീസ് നടത്തുന്നതിനുള്ള സാധ്യതയും റെയിൽവേ പരിഗണിക്കുന്നുണ്ട്.

ആദ്യഘട്ടത്തിൽ പഴയങ്ങാടി-ബേക്കൽ ഫോർട്ട് സെക്ഷനിലാണ് നിർമാണം ആരംഭിക്കുക. ഇവിടെ 70 കിലോമീറ്റർ സുരക്ഷാ വേലിയും 7.4 കിലോമീറ്റർ സംരക്ഷണ ഭിത്തിയും സ്ഥാപിക്കും. പദ്ധതിക്ക് ഏകദേശം 45.63 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കൊയിലാണ്ടി-തലശേരി സെക്ഷനിൽ 80 കിലോമീറ്റർ സുരക്ഷാ വേലിയും 0.7 കിലോമീറ്റർ സംരക്ഷണ ഭിത്തിയും നിർമിക്കും. ഇതിനായി 42.01 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ പ്രവൃത്തിയും 12 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് റെയിൽവേയുടെ പദ്ധതി.

സുരക്ഷാ വേലിക്കായി ഡബ്ല്യു-ബീം സ്റ്റീൽ ബാരിയറുകളും സംരക്ഷണ ഭിത്തികൾക്കായി പ്രീ-സ്ട്രെസ്ഡ് പ്രീകാസ്റ്റ് പാനലുകളും പ്രീകാസ്റ്റ് കോളങ്ങളുമാണ് ഉപയോഗിക്കുക. ട്രാക്കിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെയും മൃഗങ്ങളെയും അകറ്റിനിർത്തുന്നതിലൂടെ ട്രെയിൻ സർവീസുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.