വിനോദയാത്രാ വിവാദം: മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിന് സ്ഥലംമാറ്റം; പി.ടി.എ പ്രസിഡന്റിനെതിരെയും നടപടി

വിനോദയാത്ര സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി

വിനോദയാത്രാ വിവാദം: മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിന് സ്ഥലംമാറ്റം; പി.ടി.എ പ്രസിഡന്റിനെതിരെയും നടപടി

കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിൻസിപ്പലിനെ സ്ഥലംമാറ്റി വിദ്യാഭ്യാസ വകുപ്പ്. പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് മാറ്റിയത്. വിനോദയാത്ര സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്കൂൾ പി.ടി.എ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. യാത്രയ്ക്ക് ആർ.ആർ.ഡിയുടെ അനുമതി വാങ്ങിയില്ലെന്നും മൂന്ന് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന യാത്ര അഞ്ച് ദിവസത്തോളം നീട്ടിയെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. വിനോദയാത്രാ ചട്ടങ്ങൾ ലംഘിച്ചെന്ന വിലയിരുത്തലിലാണ് ബന്ധപ്പെട്ടവർക്കെതിരെ നടപടിയുണ്ടായത്.

അതേസമയം, വിവാദത്തിനിടെ തനിക്കെതിരെ ഉയർന്ന മദ്യപാന ആരോപണത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ നേരത്തെ രംഗത്തെത്തിയിരുന്നു. രക്തപരിശോധനാ ഫലം നെഗറ്റീവായതോടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായാണ് അദ്ദേഹം പറഞ്ഞത്. സംഭവത്തെ തുടർന്ന് താനും കുടുംബവും വലിയ മാനസിക പ്രയാസം അനുഭവിച്ചെന്നും സത്യം പുറത്തുവന്നതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വ്യക്തിപരമായ താൽപര്യങ്ങളുടെ പേരിൽ ഒരാളെ മാനസികമായി തകർക്കുന്ന സാഹചര്യമുണ്ടായെന്നും തനിക്കും കുടുംബത്തിനുമുണ്ടായ ബുദ്ധിമുട്ടുകൾക്ക് ആര് മറുപടി പറയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.