മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില് തട്ടിപ്പ്: വി അബ്ദുറഹിമാനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി നടത്തിയ വിദേശയാത്രയും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. സ്പെയിൻ യാത്രയിൽ ആരൊക്കെ പങ്കെടുത്തു, യാത്രയ്ക്കായി ചെലവഴിച്ച തുക എത്ര, അവിടെ ആരുമായെല്ലാം ഔദ്യോഗിക ചർച്ചകൾ നടത്തി തുടങ്ങിയ കാര്യങ്ങളിലാണ് വിവരങ്ങൾ തേടിയത്
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലെ അന്വേഷണം മുൻ കായികമന്ത്രി വി. അബ്ദുറഹിമാനിലേക്കും. കേസിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മുൻ മന്ത്രിയെ നാല് മണിക്കൂറോളം ചോദ്യം ചെയ്തു. മെസിയുമായി ബന്ധപ്പെട്ട പദ്ധതിയുടെ കരാർ നടപടികളിലും സ്പോൺസർ തിരഞ്ഞെടുപ്പിലും മന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചായിരുന്നു പ്രധാനമായും അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾ.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി നടത്തിയ വിദേശയാത്രയും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. സ്പെയിൻ യാത്രയിൽ ആരൊക്കെ പങ്കെടുത്തു, യാത്രയ്ക്കായി ചെലവഴിച്ച തുക എത്ര, അവിടെ ആരുമായെല്ലാം ഔദ്യോഗിക ചർച്ചകൾ നടത്തി തുടങ്ങിയ കാര്യങ്ങളിലാണ് വിവരങ്ങൾ തേടിയത്. സ്പോൺസറെ കണ്ടെത്തുന്നതിനും കരാർ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും മന്ത്രിയുടെ ഭാഗത്തുനിന്ന് പ്രത്യേക ഇടപെടലുകളുണ്ടായിരുന്നോ എന്നും പരിശോധിച്ചു.
കേസിലെ പ്രധാന പ്രതിയായ ആന്റോ അഗസ്റ്റിന്റെ സ്ഥാപനങ്ങളിലും വസതിയിലും നേരത്തെ നടത്തിയ പരിശോധനയിൽ അന്വേഷണ സംഘത്തിന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായും സ്പോൺസറുമായും മന്ത്രിയുടെ ഓഫീസിൽ നടന്ന ആശയവിനിമയങ്ങളുടെ രേഖകളും ഇമെയിലുകളും ഉൾപ്പെടെ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കായികവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരം ആശയവിനിമയങ്ങൾ നടന്നോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.
കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ആന്റോ അഗസ്റ്റിന് വിട്ടുനൽകിയ നടപടിയിലും മുൻ മന്ത്രിയുടെ ഇടപെടലുണ്ടായിരുന്നോ എന്ന ആരോപണം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴിയും നേരത്തെ ശേഖരിച്ച രേഖകളും വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും കേസിൽ അടുത്ത നടപടിയിലേക്ക് കടക്കുകയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
Comments ()