നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം; പ്രതി സുഹൈലിന്റെ ലൈസൻസ് റദ്ദാക്കും
അപകടത്തിൻ്റെ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ലൈസൻസ് റദ്ദാക്കാനാണ് നീക്കം.
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ അപകടമുണ്ടാക്കിയ മിനികൂപ്പർ കാർ ഓടിച്ചിരുന്ന പ്രതി സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് (MVD) നടപടികൾ ആരംഭിച്ചു. അപകട സമയത്തെ അമിതവേഗത തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അധികൃതർ വിശദമായി പരിശോധിക്കും. പോലീസിന്റെ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചാലുടൻ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കാനാണ് നീക്കം.
അതേസമയം, സംഭവസമയത്ത് സുഹൈൽ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് തൊട്ടുമുമ്പ് സംഘം വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകട ശേഷം ഇവർ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഗൺആർ കാറിലാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.
പിടിയിലായ സുഹൃത്തുക്കൾക്കെതിരെ കുറ്റകൃത്യത്തിന് പ്രേരണ നൽകിയെന്ന വകുപ്പ് (പ്രേരണാക്കുറ്റം) ചുമത്തിയിട്ടുണ്ട്. സുഹൈൽ അമിതവേഗതയിലും മദ്യപിച്ചും വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Comments ()