മൈനസ് ഡിഗ്രിയിൽ മീശപ്പുലിമല; പുൽമേടുകളിൽ മഞ്ഞുകണങ്ങൾ, മൂന്നാറിൽ അതിശൈത്യം

താപനില താഴ്ന്നതിന്റെ ഭാഗമായി മീശപ്പുലിമലയിലെ റോഡോ മാൻഷന് സമീപമുള്ള പുൽമേടുകളിൽ ഇന്നലെ രാവിലെ മഞ്ഞുകണങ്ങൾ രൂപപ്പെട്ടത് മനോഹരമായ കാഴ്ചയായി

മൈനസ് ഡിഗ്രിയിൽ മീശപ്പുലിമല; പുൽമേടുകളിൽ മഞ്ഞുകണങ്ങൾ, മൂന്നാറിൽ അതിശൈത്യം

മൂന്നാർ: അതിശൈത്യത്തിലേക്ക് കടന്ന് മൂന്നാർ മലനിരകൾ. മീശപ്പുലിമലയിൽ താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ ഹൈറേഞ്ചിൽ തണുപ്പ് ശക്തമായി. ഇന്നലെ പുലർച്ചെയാണ് മീശപ്പുലിമലയുടെ താഴ്‌വാരത്ത് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

താപനില താഴ്ന്നതിന്റെ ഭാഗമായി മീശപ്പുലിമലയിലെ റോഡോ മാൻഷന് സമീപമുള്ള പുൽമേടുകളിൽ ഇന്നലെ രാവിലെ മഞ്ഞുകണങ്ങൾ രൂപപ്പെട്ടത് മനോഹരമായ കാഴ്ചയായി. വനംവകുപ്പിന് കീഴിലുള്ള കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ഇവിടേക്ക് ട്രക്കിങ് സൗകര്യം ഒരുക്കുന്നത്.

മൂന്നാറിലും സമീപപ്രദേശങ്ങളിലും തണുപ്പിന്റെ കാഠിന്യം വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം മേഖലയിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസായിരുന്നു. ഇന്നലെ രാവിലെ മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഏഴ് ഡിഗ്രിയും നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ ആറ് ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ഒരാഴ്ച മുമ്പ് മൂന്നാറിലെ കുറഞ്ഞ താപനില ആറ് ഡിഗ്രി സെൽഷ്യസായിരുന്നു.

വരും ദിവസങ്ങളിൽ താപനില വീണ്ടും താഴ്ന്ന് പൂജ്യത്തിനും താഴെയെത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. രാത്രിയിലും പുലർച്ചെയും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിലും പുലർച്ചെയും പല പ്രദേശങ്ങളിലും കനത്ത കോടമഞ്ഞും മൂടുന്നുണ്ട്.

എന്നാൽ രാത്രികാലങ്ങളിൽ തണുപ്പ് കടുക്കുമ്പോഴും പകൽ സമയങ്ങളിൽ താരതമ്യേന ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പകൽ താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തുന്നത്.