തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് മഥുരയിലേക്ക്; കാണാതായ കുട്ടിയെക്കുറിച്ച് നിർണായക വിവരം

ഉത്തർപ്രദേശ് സ്വദേശികളായ അരുൺകുമാറിന്റെയും സീമാദേവിയുടെയും മകനാണ് ആദിത്യൻ. റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കുടുംബം കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചതോടെ ധർമടം പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് മഥുരയിലേക്ക്; കാണാതായ കുട്ടിയെക്കുറിച്ച് നിർണായക വിവരം

കണ്ണൂർ: ധർമടത്ത് നിന്ന് കാണാതായ പതിനഞ്ചുകാരൻ ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോയതായി പൊലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യനെ കാണാതായത്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് മഥുരയിലേക്കുള്ള ട്രെയിനിൽ കുട്ടി യാത്ര ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.

ഉത്തർപ്രദേശ് സ്വദേശികളായ അരുൺകുമാറിന്റെയും സീമാദേവിയുടെയും മകനാണ് ആദിത്യൻ. റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കുടുംബം കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചതോടെ ധർമടം പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആദിത്യൻ ട്രെയിനിൽ കയറുന്ന ദൃശ്യങ്ങൾ കണ്ടെത്തി. മഥുരയിലേക്കുള്ള ടിക്കറ്റാണ് കുട്ടി എടുത്തിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

ആദിത്യനെ കണ്ടെത്തുന്നതിനായി ധർമടം പൊലീസ് മഥുര പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് പൊലീസ് സംഘം മഥുരയിലേക്ക് പോകാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, കുട്ടി വീട് വിട്ടുപോകാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആദിത്യനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.