രണ്ട് ദിവസമായി കാണാനില്ല; അങ്കമാലിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ

പുലർച്ചെ 1.45ഓടെയാണ് ഇരുവരെയും ട്രാക്കിൽ കണ്ടെത്തിയത്. തൃശൂർ ഭാഗത്തേക്ക് ട്രെയിൻ കടന്നുപോയതിന് പിന്നാലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

രണ്ട് ദിവസമായി കാണാനില്ല; അങ്കമാലിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊച്ചി: രണ്ട് ദിവസമായി കാണാതായിരുന്ന യുവതിയെയും യുവാവിനെയും അങ്കമാലിയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശിനി വിസ്മയ, കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണെന്നാണ് പ്രാഥമിക വിവരം.

പുലർച്ചെ 1.45ഓടെയാണ് ഇരുവരെയും ട്രാക്കിൽ കണ്ടെത്തിയത്. തൃശൂർ ഭാഗത്തേക്ക് ട്രെയിൻ കടന്നുപോയതിന് പിന്നാലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ട് ദിവസമായി വിസ്മയയെയും അഭിലാഷിനെയും കുറിച്ച് വിവരമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് മരണവിവരം പുറത്തുവന്നത്.

ഇരുവരും വീടുവിട്ട് പോയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹങ്ങൾ വിട്ടുനൽകും.