കാണാതായ ഷാർജ–കറാച്ചി ചരക്കുവിമാനം കടലിൽ പതിച്ചു; അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തെരച്ചിൽ തുടരുന്നു
ബോയിങ് 737-400 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പാകിസ്താൻ നാവികസേനയുടെയും മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കറാച്ചി: ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പുറപ്പെട്ട കെ2 എയർവേയ്‌സിന്റെ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണതായി സ്ഥിരീകരിച്ചു. അപകടം സംഭവിച്ച് 12 മണിക്കൂറുകൾക്ക് ശേഷം ഒർമാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കൽ മൈൽ അകലെയുള്ള ആഴക്കടലിൽ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ബോയിങ് 737-400 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പാകിസ്താൻ നാവികസേനയുടെയും മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
അപകടത്തിന് മുമ്പ് വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായി ചൊവ്വാഴ്ച രാത്രി 9.18ഓടെ കൺട്രോൾ റൂമിലേക്ക് സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് വിമാനവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും കറാച്ചിയിൽ നിന്ന് ഏകദേശം 287 കിലോമീറ്റർ അകലെയുള്ള മേഖലയിൽ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു.
ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം, വിമാനം ഒരു ഘട്ടത്തിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ വേഗത്തിലുള്ള മാറ്റങ്ങൾ പ്രകടിപ്പിച്ച ശേഷമാണ് കടലിലേക്ക് പതിച്ചത്. 36,550 അടി ഉയരത്തിൽ നിന്ന് വളരെ വേഗത്തിലാണ് വിമാനം താഴേക്ക് വീണതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന.
വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ഫ്ലൈറ്റ് എഞ്ചിനീയർമാരും ഒരു ലോഡറുമാണ് ഉണ്ടായിരുന്നത്. പൈലറ്റ് മുഹമ്മദ് റിസ്‌വാൻ ഇദ്‌രീസ്, സഹപൈലറ്റ് ഫൈസൽ ജതോയ്, ഫ്ലൈറ്റ് എഞ്ചിനീയർമാരായ മുഹമ്മദ് ഹാമിദ്, മുഹമ്മദ് ആരിഫ് സിദ്ദിഖി, ലോഡർ മുഹമ്മദ് തൗഫീഖ് ഖാൻ എന്നിവരെയാണ് കാണാതായത്.
അപകടത്തിൽപ്പെട്ട വിമാനത്തിന് ഏകദേശം 27 വർഷം പഴക്കമുണ്ടായിരുന്നു. നേരത്തെ യാത്രാവിമാനമായി ഉപയോഗിച്ചിരുന്ന ഇത് 2012ലാണ് ചരക്കുവിമാനമായി മാറ്റിയത്. കെ2 എയർവേയ്‌സിന്റെ കൈവശമുണ്ടായിരുന്ന ഏക വിമാനവും ഇതായിരുന്നു.
ജീവനക്കാർക്കായി അനുശോചനം രേഖപ്പെടുത്തി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്തെത്തി. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിന് അമേരിക്കൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ബോയിങ് കമ്പനിയുടെ പ്രതിനിധികളും സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments ()