ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് സൗദി പൊലീസ് കസ്റ്റഡിയിൽ

നിരോധിത മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ദിവസങ്ങളായി ആശങ്കയിലായിരുന്ന കുടുംബത്തിന് ഇതോടെ ഫിലോമിനയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിവരം ലഭിച്ചു

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് സൗദി പൊലീസ് കസ്റ്റഡിയിൽ

റിയാദ്: അവധിക്കുശേഷം സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് വിവരമില്ലാതായ വയനാട് സ്വദേശിനി ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരണം. നിരോധിത മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ദിവസങ്ങളായി ആശങ്കയിലായിരുന്ന കുടുംബത്തിന് ഇതോടെ ഫിലോമിനയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിവരം ലഭിച്ചു.

വയനാട് സുൽത്താൻ ബത്തേരിക്കടുത്തുള്ള അയ്യങ്കൊല്ലി സ്വദേശികളായ രവി–ശെൽവി ദമ്പതികളുടെ മകളാണ് 32കാരിയായ ഫിലോമിന. കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് ഇവർ. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബെംഗളൂരുവിൽ നിന്ന് വിമാനമാർഗം സൗദിയിലേക്ക് തിരിച്ച ഫിലോമിനയ്ക്ക് ജിദ്ദയിൽ ഇറങ്ങിയശേഷം റിയാദിലേക്കുള്ള കണക്ഷൻ വിമാനം പിടിക്കേണ്ടതായിരുന്നു. വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് ശബ്ദസന്ദേശം അയച്ചിരുന്നെങ്കിലും പിന്നീട് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.

ഫിലോമിനയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കളും സാമൂഹിക പ്രവർത്തകരും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇവർ പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്. വിഷയത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ടിട്ടുണ്ട്. ഫിലോമിനയ്ക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾ അധികൃതരുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ തുടരുകയാണ്.