ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും;‘മിഷൻ ചക്കക്കൊമ്പൻ’ തുടങ്ങി
പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് ബുധനാഴ്ച മുതൽ നിരോധനാജ്ഞ നിലവിൽ വന്നത്
അടിമാലി: ചക്കക്കൊമ്പനെ പിടികൂടുന്നതിനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യം ശക്തമാക്കിയതോടെ ചിന്നക്കനാലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇടുക്കി ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് ബുധനാഴ്ച മുതൽ നിരോധനാജ്ഞ നിലവിൽ വന്നത്. ഇതിന് പുറമെ മൂന്ന് ദിവസത്തേക്ക് പ്രദേശത്തേക്കുള്ള വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതി സൃഷ്ടിക്കുന്ന അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ദൗത്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിൽ സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും വിലക്കുണ്ട്.
ദൗത്യം നടക്കുന്ന പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും നിയന്ത്രിച്ചിട്ടുണ്ട്. ചക്കക്കൊമ്പനെ നിരീക്ഷിക്കുന്നതിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളെയും മുപ്പതംഗ ദൗത്യസംഘത്തെയും ചിന്നക്കനാലിൽ എത്തിച്ചിട്ടുണ്ട്. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് തുടർച്ചയായി നിരീക്ഷിക്കാനാണ് വനംവകുപ്പിന്റെ നിലവിലെ തീരുമാനം.
Comments ()