കൊലപാതകത്തിന് ശേഷം വിദേശത്ത് ഒളിവിൽ; 18 വർഷത്തിന് ശേഷം പ്രതിയെ വലയിലാക്കി പോലീസ്

2008ലെ കൊലപാതകക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മലയാളി രാഗേഷ് ഉണ്ണിക്കൊച്ചനെയാണ് യുഎഇയില്‍നിന്ന് ഇന്നലെ കേരളത്തില്‍ എത്തിച്ചത്.

കൊലപാതകത്തിന് ശേഷം വിദേശത്ത് ഒളിവിൽ; 18 വർഷത്തിന് ശേഷം പ്രതിയെ വലയിലാക്കി പോലീസ്

തിരുവനന്തപുരം: പതിനെട്ടു വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ സിബിഐയുടെയും ഇന്റർപോളിന്റെയും സഹായത്തോടെ പിടികൂടി നാട്ടിലെത്തിച്ചു. 2008-ലെ കൊലപാതകക്കേസിൽ പ്രതിയായ മലയാളി രാഗേഷ് ഉണ്ണിക്കൊച്ചനെയാണ് യുഎഇയിൽനിന്ന് ഇന്നലെ കേരളത്തിലെത്തിച്ചത്. തൃശൂർ ക്രൈംബ്രാഞ്ച് സംഘം യുഎഇയിലെത്തി ഇയാളെ ഏറ്റുവാങ്ങുകയായിരുന്നു.

2006-ൽ തൃശൂർ എങ്ങണ്ടിയൂർ ചന്തപ്പീടികയിൽ വെച്ച് സുജിത്ത് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ധനേഷിനെ, 2008 ഒക്ടോബർ ഒന്നിന് തിരുമംഗലം ക്ഷേത്രത്തിന് സമീപം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് രാഗേഷ്. അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ കേരള പൊലീസിന്റെ അഭ്യർത്ഥനപ്രകാരം സിബിഐയുടെ ഇന്റർപോൾ വിഭാഗം റെഡ് നോട്ടിസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുഎഇ അധികൃതർ രാഗേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നാടുകടത്തൽ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കേരള പൊലീസിന്റെ പ്രത്യേക സംഘം പ്രതിയെ നാട്ടിലെത്തിച്ചത്.