ബാറിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു: കോട്ടയത്ത് ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

വാക്കേറ്റത്തിനിടെ ഫോൺ ഉടമയുടെ കുത്തേറ്റ് 33കാരന് ദാരുണാന്ത്യം.

ബാറിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു: കോട്ടയത്ത് ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

കോട്ടയം: സെന്‍ട്രല്‍ ജംഗ്ഷനിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. പാമ്പാടി സ്വദേശിയായ വിനീത് (33) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാങ്ങാനം സ്വദേശി ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ പരിചയപ്പെട്ട ശ്രീകാന്തിന്റെ ഫോണ്‍ വിനീത് വിളിക്കാനായി വാങ്ങിയിരുന്നു. എന്നാല്‍ ഫോണ്‍ സംഭാഷണം നീണ്ടുപോയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ബാറിന് പുറത്തിറങ്ങിയ ശേഷവും തര്‍ക്കം തുടരുകയും, മരപ്പണിക്കാരനായ ശ്രീകാന്ത് തന്റെ കയ്യിലുണ്ടായിരുന്ന പണിയായുധം ഉപയോഗിച്ച് വിനീതിനെ കുത്തുകയുമായിരുന്നു.

കഴുത്തിലും നെഞ്ചിലും അഞ്ചിലധികം തവണ കുത്തേറ്റ വിനീത് സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. കൊല്ലപ്പെട്ട വിനീത് മുന്‍പ് അടിപിടി കേസുകളിലും കഞ്ചാവ് കേസ് ഉള്‍പ്പെടെയുള്ള ലഹരി കേസുകളിലും പ്രതിയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.