കടം വാങ്ങിയ 5000 രൂപ തിരികെ നല്‍കിയില്ല; യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി അയല്‍വാസി
ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍, 5,000 രൂപയുടെ കടം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് 35 വയസ്സുള്ള വിധവയെ അയല്‍ക്കാരന്‍ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍, 5,000 രൂപയുടെ കടം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് 35 വയസ്സുള്ള വിധവയെ അയല്‍ക്കാരന്‍ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. ഏഴ് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് രണ്ട് മക്കളെ ഒറ്റയ്ക്ക് വളര്‍ത്തുകയായിരുന്ന പിങ്കിബെന്‍ പട്‌നിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടുചെലവുകള്‍ക്കായി ഒരു മാസം മുന്‍പ് അയല്‍ക്കാരനായ ബാബുഭായ് റാവലില്‍ നിന്ന് ഇവര്‍ 5,000 രൂപ കടം വാങ്ങിയിരുന്നു. പലിശ ആവശ്യപ്പെട്ട് പ്രതി പതിവായി വീട്ടിലെത്തി പിങ്കിബെന്നിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു.
പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനെന്ന വ്യാജേന ബാബുഭായ് യുവതിയെ ജിത്തുഭായ് പഞ്ചല്‍ എന്നയാളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച് പണം ഉടന്‍ തിരികെ വേണമെന്ന് പ്രതി നിര്‍ബന്ധം പിടിച്ചു. തുക കണ്ടെത്താന്‍ രണ്ട് ദിവസത്തെ സമയം യുവതി ആവശ്യപ്പെട്ടെങ്കിലും പ്രതി വഴങ്ങിയില്ല. തുടര്‍ന്ന്, ചായ എടുക്കാമെന്ന് പറഞ്ഞ് അകത്തുപോയ ബാബുഭായ് ഒരു കുപ്പി പെട്രോളുമായി മടങ്ങിയെത്തി, ജിത്തുഭായോട് സംസാരിച്ചുനിന്ന പിങ്കിബെന്നിന്റെ ദേഹത്തേക്ക് ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിക്കും പൊള്ളലേറ്റിട്ടുണ്ടെന്ന് ഡിവൈഎസ്പി രേണുക അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പിങ്കിബെന്നിനെ ആദ്യം ധാര്‍പൂര്‍ സിവില്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments ()