‘മലപ്പുറം രണ്ടായി വിഭജിക്കണം’; ആവശ്യം ശക്തമാക്കി യൂത്ത് ലീഗ്,
ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട സാധ്യതകളും പ്രായോഗിക വശങ്ങളും വിശദമായി പരിശോധിക്കുന്നതിനായി സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു
മലപ്പുറം: ഭരണസൗകര്യവും അടിസ്ഥാന വികസനവും കൂടുതൽ കാര്യക്ഷമമാക്കാൻ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്. ജനസംഖ്യയും പ്രദേശത്തിന്റെ വിസ്തൃതിയും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് പുതിയ ജില്ലകൾ രൂപീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. മലപ്പുറം ജില്ലാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.
നിലവിലെ ജില്ലകളുടെ ഘടന പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടെന്നും പ്രാദേശിക വികസന ആവശ്യങ്ങൾ കണക്കിലെടുത്ത് ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ, ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം പുനഃസംഘടനയെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട സാധ്യതകളും പ്രായോഗിക വശങ്ങളും വിശദമായി പരിശോധിക്കുന്നതിനായി സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പഠനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും സംഘടന വ്യക്തമാക്കി.
പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള നിയമപരമായ നടപടികൾ സർക്കാർ ആരംഭിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. അടിസ്ഥാന സൗകര്യ വികസനം കൂടുതൽ വേഗത്തിലാക്കുന്നതിനും ഭരണസംവിധാനം ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനും ജില്ലകളുടെ പുനഃസംഘടന സഹായകരമാകുമെന്നാണ് യൂത്ത് ലീഗിന്റെ നിലപാട്.
മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളുടെ ഭരണപരമായ ആവശ്യങ്ങൾ വിലയിരുത്തി സമഗ്രമായ പുനഃസംഘടനയ്ക്ക് സർക്കാർ തയ്യാറാകണമെന്ന ആവശ്യമാണ് സമ്മേളനത്തിലൂടെ യൂത്ത് ലീഗ് മുന്നോട്ടുവച്ചത്.
Comments ()