വാഹൻ-സാരഥി സേവനങ്ങൾക്ക് സെപ്റ്റംബർ 21 മുതൽ ആധാർ ഒടിപി നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്

മോട്ടോർ വാഹന വകുപ്പിന്റെ 60 പരിവാഹൻ സേവനങ്ങൾ ആധാർ ഒടിപി (OTP) അധിഷ്ഠിതമാക്കി മാറ്റുന്നു.

വാഹൻ-സാരഥി സേവനങ്ങൾക്ക് സെപ്റ്റംബർ 21 മുതൽ ആധാർ ഒടിപി നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്

മോട്ടോർ വാഹന വകുപ്പിന്റെ 60 പരിവാഹൻ സേവനങ്ങൾ ആധാർ ഒടിപി (OTP) അധിഷ്ഠിതമാക്കി മാറ്റുന്നു. വാഹൻ, സാരഥി പോർട്ടലുകൾ വഴി നൽകുന്ന സേവനങ്ങളിൽ ഇടനിലക്കാരുടെയും ഏജന്റുമാരുടെയും ചൂഷണം തടയുന്നതിനാണ് ഈ മാറ്റമെന്ന് എംവിഡി വ്യക്തമാക്കി. സെപ്റ്റംബർ 21 മുതലാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. മുൻപ് 21 സേവനങ്ങൾ മാത്രമാണ് നേരിട്ട് ഓഫീസിലെത്താതെ ലഭ്യമായിരുന്നതെങ്കിൽ, കൃത്യമായ ഒടിപി പരിശോധനയില്ലാത്ത മറ്റ് സേവനങ്ങളിൽ പല ഏജന്റുമാരും അപൂർണ്ണമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷകൾ വൈകിപ്പിക്കുകയും വേഗത്തിലാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എല്ലാ സേവനങ്ങളും ഫേസ്‌ലെസ്സ് ആക്കാൻ തീരുമാനിച്ചത്.

പുതിയ സംവിധാനമനുസരിച്ച് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴിയുള്ള ഒടിപി ഉപയോഗിച്ച് 'ആദ്യം വരുന്നവർക്ക് ആദ്യം' എന്ന മുൻഗണനാ ക്രമത്തിൽ അപേക്ഷകൾ തീർപ്പാക്കും. വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയൽ പരിശോധന, കാരണം കാണിക്കൽ നോട്ടീസിനെത്തുടർന്നുള്ള വ്യക്തിഗത വാദം കേൾക്കൽ എന്നിവയ്‌ക്കൊഴികെ ഭൂരിഭാഗം സേനങ്ങൾക്കും ഇനി ആർടി ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. ഇവയ്ക്കുള്ള സ്ലോട്ടുകൾ 'നമ്മുടെ കേരളം' പോർട്ടൽ വഴി ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ഈ പോർട്ടലിലെ 'Vmeet' വഴി ആർടിഒയ്ക്ക് മുന്നിൽ വീഡിയോ കോളിലൂടെ ഹാജരാകാനുള്ള സൗകര്യവുമുണ്ട്.

അപേക്ഷകർ ഓൺലൈൻ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകൾ ഓഫീസുകളിൽ നൽകേണ്ടതില്ല. അപേക്ഷ സമർപ്പിക്കാൻ സഹായം ആവശ്യമുള്ളവർക്ക് ഏജന്റുമാർക്ക് പകരം അക്ഷയ കേന്ദ്രങ്ങളെയോ, സി.എസ്.സി കേന്ദ്രങ്ങളെയോ, ആർടി ഓഫീസുകളെയോ സമീപിക്കാം. എന്നാൽ ഒടിപി പരിശോധന പരാജയപ്പെടുകയാണെങ്കിൽ ആധികാരികത ഉറപ്പുവരുത്താൻ ഒരു തവണ ആർടി ഓഫീസിൽ നേരിട്ട് പോകേണ്ടി വരും. ലേണേഴ്‌സ്, ഡ്രൈവിംഗ്, ഹെവി ബാഡ്ജ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ സാരഥി പോർട്ടൽ വഴിയും വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള സ്ലോട്ടുകൾ വാഹൻ പോർട്ടൽ വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്.