കേടായ പല്ലിന് പകരം ഡോക്ടര്‍ പിഴുതത് നല്ല പല്ല്; നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

നാദാപുരം താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം

കേടായ പല്ലിന് പകരം ഡോക്ടര്‍ പിഴുതത് നല്ല പല്ല്; നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടും ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചതായി ആരോപണം. പതിനൊന്നുകാരനായ കുട്ടിയുടെ കേടുവന്ന പല്ല് എടുത്തുമാറ്റുന്നതിന് പകരം ഡോക്ടർ നല്ല പല്ല് പിഴുതെടുത്തു എന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

പല്ലു വേദനയെ തുടർന്ന് അമ്മയ്ക്കൊപ്പമാണ് പതിനൊന്നുകാരൻ താലൂക്ക് ആശുപത്രിയിലെത്തിയത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ ഒരു പല്ല് എടുത്തുമാറ്റുകയും വായിൽ വെച്ചിരിക്കുന്ന പഞ്ഞി അൽപ്പസമയത്തിനു ശേഷം കളഞ്ഞാൽ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയ ശേഷം വായിലെ പഞ്ഞി എടുത്തുമാറ്റി നോക്കിയപ്പോഴാണ് കേടുവന്ന പല്ലിന് പകരം മാറ്റൊരു പല്ലാണ് ഡോക്ടർ പിഴുതെടുത്തതെന്ന് കുടുംബം മനസ്സിലാക്കിയത്.

ഉടൻ തന്നെ അമ്മ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് വിഷയം തിരക്കിയപ്പോൾ, 'മറ്റേ പല്ലുകൂടി എടുത്തുതരാം' എന്ന തികച്ചും ഉത്തരവാദിത്തമില്ലാത്ത മറുപടിയാണ് ലഭിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി അറിയിച്ചെങ്കിലും, 'എന്താണ് സംഭവിച്ചതെന്ന് അറിയില്ല' എന്ന നിരുത്തരവാദപരമായ നിലപാടാണ് അദ്ദേഹവും സ്വീകരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.