വീട്ടുകാർ ഉറക്കത്തിൽ; അടുക്കളയിൽ ഫ്രിഡ്ജിന് തീപിടിച്ച് വൻ നാശനഷ്ടം, വന്‍അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌

ചാവടിനട അശ്വതി ഭവനിലെ അടുക്കളയിൽ സ്ഥാപിച്ചിരുന്ന ഫ്രിഡ്ജാണ് കത്തിയത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ ഉണർന്ന് അടുക്കള ഭാഗത്തേക്ക് എത്തുകയായിരുന്നു. അടുക്കളയുടെ വാതിൽ അടഞ്ഞുകിടന്നതിനാൽ പുക വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നില്ല

വീട്ടുകാർ ഉറക്കത്തിൽ; അടുക്കളയിൽ ഫ്രിഡ്ജിന് തീപിടിച്ച് വൻ നാശനഷ്ടം, വന്‍അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌

തിരുവനന്തപുരം: വെങ്ങാനൂർ ചാവടിനടയിലെ വീട്ടിൽ ഫ്രിഡ്ജിന് തീപിടിച്ച് അടുക്കളയിൽ വൻ നാശനഷ്ടം. സമീപത്ത് പാചകവാതക സിലിണ്ടറുകൾ ഉണ്ടായിരുന്നെങ്കിലും തീ അവയിലേക്ക് പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വീട്ടുകാർ ഉറക്കത്തിലായിരുന്ന സമയത്താണ് സംഭവം. ആർക്കും പരുക്കേറ്റിട്ടില്ല.

ചാവടിനട അശ്വതി ഭവനിലെ അടുക്കളയിൽ സ്ഥാപിച്ചിരുന്ന ഫ്രിഡ്ജാണ് കത്തിയത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ ഉണർന്ന് അടുക്കള ഭാഗത്തേക്ക് എത്തുകയായിരുന്നു. അടുക്കളയുടെ വാതിൽ അടഞ്ഞുകിടന്നതിനാൽ പുക വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നില്ല. എന്നാൽ വാതിൽ തുറന്നപ്പോൾ അകത്ത് പുക നിറഞ്ഞിരുന്നതിനാൽ തീയുടെ ഉറവിടം ആദ്യം വ്യക്തമായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജ് പൂർണമായും കത്തിനശിച്ചതായി മനസ്സിലായത്.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ അടുക്കളയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന രണ്ട് പാചകവാതക സിലിണ്ടറുകളും വീട്ടുകാർ പുറത്തേക്ക് മാറ്റി. വിവരമറിഞ്ഞ് വിഴിഞ്ഞം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഫ്രിഡ്ജിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.