ടുഎൻസാങിൽ വിഷമദ്യം ദുരന്തം; 9 പേർ മരിച്ചു, സംസ്ഥാനത്ത് ജാഗ്രത ശക്തം
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് മേധാവി രൂപൻ ശർമ്മ ഞായറാഴ്ചയാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ദുരന്തത്തിന് പിന്നിലെ കാരണങ്ങളും മദ്യം ലഭിച്ച ഉറവിടവും കണ്ടെത്തുന്നതിനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്
ദില്ലി: വിഷമദ്യം കഴിച്ചതിനെ തുടർന്ന് നാഗാലാൻഡിൽ ഒമ്പത് പേർ മരിച്ചതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ ജാഗ്രത ശക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നാഗാലാൻഡ് പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ടുഎൻസാങ് ജില്ലയിലെ സിവിൽ ആശുപത്രിയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് മേധാവി രൂപൻ ശർമ്മ ഞായറാഴ്ചയാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ദുരന്തത്തിന് പിന്നിലെ കാരണങ്ങളും മദ്യം ലഭിച്ച ഉറവിടവും കണ്ടെത്തുന്നതിനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
മോൺ, മൊകോക്ചുങ്, ടുഎൻസാങ്, ലോങ്ലെങ്, കിഫൈർ, ഷമാതോർ, നോക്ലാക് ജില്ലകളിലെ ജനങ്ങൾ മദ്യം ഉപയോഗിക്കരുതെന്ന് പൊലീസ് കർശന നിർദേശം നൽകി. സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകുന്നതുവരെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലുള്ളവരും മദ്യപാനം ഒഴിവാക്കണമെന്ന് ഡിജിപി അഭ്യർത്ഥിച്ചു.
അനധികൃത മദ്യവിൽപ്പനയും ഗുണനിലവാരമില്ലാത്ത മദ്യത്തിന്റെ ലഭ്യതയും സംബന്ധിച്ച ആശങ്കകൾ നേരത്തെയും സംസ്ഥാനത്ത് ഉയർന്നിരുന്നു. ഡിമാപൂർ, കൊഹിമ തുടങ്ങിയ നഗരങ്ങളിൽ കൂൾ ഡ്രിങ്ക്സ് കടകളുടെയും പാൻ ഷോപ്പുകളുടെയും മറവിൽ നിയമവിരുദ്ധമായി മദ്യം വിൽക്കുന്നുണ്ടെന്ന് എക്സൈസ് അഡ്വൈസർ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഗുണനിലവാര പരിശോധനകളില്ലാതെ വ്യാജവും മായം കലർന്നതുമായ മദ്യം വിപണിയിലെത്തുന്നത് യുവാക്കളടക്കമുള്ളവരുടെ മരണത്തിലേക്ക് നയിക്കുന്നുവെന്ന ആശങ്കയും അധികൃതർ പങ്കുവച്ചിരുന്നു.
Comments ()