ഇന്ധനവില കുറച്ച് നയാര എനർജി; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറഞ്ഞു, പൊതുമേഖലയിൽ മാറ്റമില്ല
പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്.
ന്യൂഡല്‍ഹി: സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വില കുറച്ചു. കമ്പനിയുടെ കീഴിലുള്ള പമ്പുകളില്‍ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കമ്പനി റീട്ടെയ്ല്‍ ഇന്ധനവില കുറയ്ക്കുന്നത്.
ഇതോടെ, രാജ്യത്താകെയുള്ള നയാരയുടെ ഏഴായിരത്തിലധികം പെട്രോള്‍ പമ്പുകളില്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഓരോ സംസ്ഥാനത്തെയും പ്രാദേശിക നികുതികളും മൂല്യവര്‍ദ്ധിത നികുതിയും വ്യത്യാസമുള്ളതിനാല്‍ പമ്പുകളിലെ വിലയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിലാണ് വില കുറച്ചത്.
അതേസമയം രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പെട്രോള്‍ പമ്പുകളുടെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ വില കുറച്ചിട്ടില്ല.
Comments ()