നേപ്പാൾ മിന്നൽ പ്രളയം; കാണാതായ തീർഥാടകരിൽ കൊല്ലം സ്വദേശിനിയും

ജൂലൈ 25നാണ് സുനന്ദ അവസാനമായി ബന്ധുക്കളെ ഫോണിൽ വിളിച്ചത്. ടിബറ്റ്–നേപ്പാൾ അതിർത്തിക്ക് സമീപമുള്ള റാസുവഗാധിയിൽ എത്തിയ ശേഷം സുനന്ദയുമായി പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു

നേപ്പാൾ മിന്നൽ പ്രളയം; കാണാതായ തീർഥാടകരിൽ കൊല്ലം സ്വദേശിനിയും

കൊല്ലം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിനിടെ കൊല്ലം സ്വദേശിനിയെ കാണാതായതായി കുടുംബത്തിന്റെ പരാതി. പരവൂർ കോങ്ങൽ സ്വദേശിനി സുനന്ദ മണിരാജനെയാണ് കണ്ടെത്താനാകാത്തത്. കുടുംബത്തോടൊപ്പം ലണ്ടനിൽ സ്ഥിരതാമസമാക്കിയ സുനന്ദ കൈലാസ മാനസസരോവർ തീർഥാടനത്തിനായാണ് യാത്ര തിരിച്ചത്.

ജൂലൈ 25നാണ് സുനന്ദ അവസാനമായി ബന്ധുക്കളെ ഫോണിൽ വിളിച്ചത്. ടിബറ്റ്–നേപ്പാൾ അതിർത്തിക്ക് സമീപമുള്ള റാസുവഗാധിയിൽ എത്തിയ ശേഷം സുനന്ദയുമായി പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. യാത്രയുടെ വിശദാംശങ്ങൾ അന്വേഷിക്കുന്നതിനായി ട്രാവൽ ഏജൻസിയെ ബന്ധപ്പെട്ടപ്പോഴാണ് പ്രളയത്തിൽപ്പെട്ട വിവരം കുടുംബം അറിയുന്നത്. തുടർന്ന് മിസ്സിങ് പരാതി നൽകുകയും ചെയ്തു.

സുനന്ദയ്ക്കായി ബന്ധുക്കൾ വിവിധ ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്. നോർക, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി എന്നിവിടങ്ങളിലും വിവരം കൈമാറിയിട്ടുണ്ട്. ചൈനീസ് എംബസി ഉൾപ്പെടെയുള്ള മറ്റ് അധികൃതരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും തുടരുകയാണ്.

ലണ്ടനിൽ താമസിക്കുന്ന സുനന്ദയുടെ രണ്ട് മക്കളും ബ്രിട്ടീഷ് എംബസി മുഖേന വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതുവരെ സുനന്ദയെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

തീർഥാടക സംഘത്തിലെ മറ്റ് 17 അംഗങ്ങളെയും കൂടെയുണ്ടായിരുന്ന അഞ്ച് ഗൈഡുകളെയും കുറിച്ചും വ്യക്തമായ വിവരമില്ലെന്നും ബന്ധുക്കൾ അറിയിച്ചു. ഓഗസ്റ്റ് 22ന് ലണ്ടനിൽ നിന്ന് ഡൽഹിയിലെത്തിയ സുനന്ദ അവിടെനിന്നാണ് കാഠ്മണ്ഡുവിലേക്ക് വിമാനമാർഗം യാത്ര തിരിച്ചത്.

യുകെ പൗരത്വമുള്ള സുനന്ദ അവിടെ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥയായി ജോലി ചെയ്തുവരികയായിരുന്നു. പ്രളയബാധിത മേഖലയിൽ കുടുങ്ങിയിരിക്കാമെന്ന് ആശങ്കപ്പെടുന്ന സുനന്ദയെ കണ്ടെത്താൻ അടിയന്തരമായി വിശദമായ തിരച്ചിൽ നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.