നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 1000 കടന്നു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യൻ സംഘവും

പ്രളയത്തിൽ കാണാതായ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെക്കുറിച്ച് നിലവിൽ പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 1000 കടന്നു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യൻ സംഘവും

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. നേപ്പാളിൽ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിൽ 16 പേരുമാണ് പ്രളയത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിൽപ്പെട്ട 3916 പേരെ നേപ്പാളിലും 546 പേരെ ടിബറ്റിലും ഇനിയും കണ്ടെത്താനുണ്ട്. പ്രളയത്തിൽ കാണാതായ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെക്കുറിച്ച് നിലവിൽ പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

അതിനിടെ, ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായുള്ള ഡിഎൻഎ പരിശോധനയ്ക്കായി ഇന്ത്യയിൽ നിന്ന് 19 അംഗ സംഘം നേപ്പാളിലെത്തിയിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കൾക്ക് രക്തസാമ്പിളുകൾ നേരിട്ടെത്തിക്കുകയോ ഡിഎൻഎ പ്രൊഫൈലുകൾ ഇമെയിൽ വഴി അയച്ചുനൽകുകയോ ചെയ്യാമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇതിനാവശ്യമായ ഇമെയിൽ വിലാസം അടക്കമുള്ള വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ, ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങൾ നേപ്പാൾ പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.