നേപ്പാൾ പ്രളയം: 1500 പേർ കാണാമറയത്ത്; 290 ഇന്ത്യക്കാർ, 33 മലയാളികൾ

പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകിയെത്തുന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നേപ്പാളിലെ ദുരന്തബാധിത മേഖലകളിൽ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതാണ് പലരുടെയും വിവരങ്ങൾ ശേഖരിക്കുന്നതിന് പ്രധാന തടസ്സമായി തുടരുന്നത്.

നേപ്പാൾ പ്രളയം: 1500 പേർ കാണാമറയത്ത്; 290 ഇന്ത്യക്കാർ, 33 മലയാളികൾ

ദില്ലി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കാണാതായവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ഏകദേശം 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങൾ ലഭ്യമല്ലെന്നാണ് വിവരം. ഇവരിൽ 290 പേർ ഇന്ത്യക്കാരാണെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള 33 പേരും കാണാതായവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.

പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകിയെത്തുന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നേപ്പാളിലെ ദുരന്തബാധിത മേഖലകളിൽ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതാണ് പലരുടെയും വിവരങ്ങൾ ശേഖരിക്കുന്നതിന് പ്രധാന തടസ്സമായി തുടരുന്നത്.

അതിനിടെ, ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിൽ 200ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടിബറ്റൻ മേഖലയിലെ മറ്റൊരു ഹിമതടാകം പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ചൈന നേപ്പാളിന് നൽകിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

നേപ്പാളിന് സഹായവുമായി ഇന്ത്യ

ദുരന്തത്തിൽ തകർന്ന നേപ്പാളിന് കൂടുതൽ സഹായമെത്തിക്കാനുള്ള നടപടികൾ ഇന്ത്യ ശക്തമാക്കി. അവശ്യ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ കൂടുതൽ വിമാനങ്ങൾ നേപ്പാളിലെത്തുമെന്നാണ് വിവരം.

രക്ഷാപ്രവർത്തനങ്ങൾക്കും പുനർനിർമാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ സഹായം നൽകാനും ഇന്ത്യ തയ്യാറെടുക്കുകയാണ്. നേപ്പാൾ സർക്കാരിന്റെ അനുമതി ലഭിക്കുന്നതനുസരിച്ച് ഇന്ത്യൻ കരസേനയുടെ പ്രത്യേക സംഘത്തെ രക്ഷാദൗത്യത്തിനായി അയക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.