നേപ്പാൾ പ്രളയത്തിൽ രക്ഷാദൗത്യവുമായി വനിതാ പൈലറ്റ്; ആറ് ദിവസത്തിൽ 100ലേറെ ദൗത്യങ്ങൾ

പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായിരുന്നു തിമുരെ. ചെളിയും വെള്ളക്കെട്ടും നിറഞ്ഞതിനാൽ ഹെലികോപ്റ്ററുകൾക്ക് പല സ്ഥലങ്ങളിലും സുരക്ഷിതമായി ഇറങ്ങാനോ എൻജിൻ ഓഫ് ചെയ്യാനോ സാധിച്ചിരുന്നില്ല

നേപ്പാൾ പ്രളയത്തിൽ രക്ഷാദൗത്യവുമായി വനിതാ പൈലറ്റ്; ആറ് ദിവസത്തിൽ 100ലേറെ ദൗത്യങ്ങൾ

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ദുരിതബാധിതരെ രക്ഷപ്പെടുത്താൻ അതീവ അപകടകരമായ സാഹചര്യങ്ങളിലും തുടർച്ചയായി പറന്നിറങ്ങി രാജ്യത്തിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ അധികാരി. റസുവ ജില്ലയിലെ തിമുരെ കേന്ദ്രീകരിച്ച് ആറ് ദിവസത്തിനിടെ നൂറിലേറെ രക്ഷാദൗത്യങ്ങളാണ് 40കാരിയായ പ്രിയ പൂർത്തിയാക്കിയത്.

പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായിരുന്നു തിമുരെ. ചെളിയും വെള്ളക്കെട്ടും നിറഞ്ഞതിനാൽ ഹെലികോപ്റ്ററുകൾക്ക് പല സ്ഥലങ്ങളിലും സുരക്ഷിതമായി ഇറങ്ങാനോ എൻജിൻ ഓഫ് ചെയ്യാനോ സാധിച്ചിരുന്നില്ല. ഇതോടെ എൻജിൻ പ്രവർത്തിപ്പിച്ചുകൊണ്ടുതന്നെ ആളുകളെ ഹെലികോപ്റ്ററിൽ കയറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തുടർച്ചയായ പറക്കലിനെ തുടർന്ന് കടുത്ത ശാരീരിക ക്ഷീണം നേരിട്ടെങ്കിലും ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പ്രിയ പറഞ്ഞു. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ മുകളിൽ നിന്ന് കണ്ട കാഴ്ചകളാണ് മാനസികമായി ഏറ്റവും കൂടുതൽ തളർത്തിയതെന്നും അവർ വ്യക്തമാക്കി.

തിമുരെ മേഖലയിൽ നിരവധി മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ച ഏറെ വേദനാജനകമായിരുന്നുവെന്ന് പ്രിയ ഓർത്തെടുത്തു. പ്രളയത്തിൽ അഞ്ച് ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ വൻ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി ജീവനുകളും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളും ദുരന്തത്തിൽ നഷ്ടപ്പെട്ടു.

നേപ്പാൾ സൈന്യത്തിന്റെ അഗസ്റ്റ ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ആദ്യ ദിവസങ്ങളിൽ തന്നെ ഇരുനൂറിലേറെ പേരെ തിമുരെയിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

ദുരന്തത്തിന്റെ ഭീകരതയ്ക്കിടയിലും രക്ഷപ്പെട്ടവരുടെ മുഖത്തെ ആശ്വാസവും പ്രതീക്ഷയുമാണ് വീണ്ടും പറക്കാനുള്ള പ്രചോദനമെന്ന് പ്രിയ പറഞ്ഞു. ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി താഴെയെത്തുമ്പോൾ ആളുകളുടെ മുഖത്ത് പ്രകടമാകുന്ന ആശ്വാസം പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ നൽകുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.