ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്ന് ട്രംപ്; ഭരണകൂടത്തെ വീഴ്ത്താൻ തയ്യാറെന്ന് നെതന്യാഹു

ഇസ്രയേൽ നിലവിൽ നേരിട്ട് ഇടപെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. കടലിൽ മൈനുകൾ സ്ഥാപിക്കുന്നതിനായി ഇറാൻ നിർമിച്ചിരുന്ന മിസൈലുകൾ തകർത്തതായും ട്രംപ് അവകാശപ്പെട്ടു

ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്ന് ട്രംപ്; ഭരണകൂടത്തെ വീഴ്ത്താൻ തയ്യാറെന്ന് നെതന്യാഹു

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ആവശ്യമായ ഏത് നടപടിക്കും ഇസ്രയേൽ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി.

ഇസ്രയേൽ നിലവിൽ നേരിട്ട് ഇടപെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. കടലിൽ മൈനുകൾ സ്ഥാപിക്കുന്നതിനായി ഇറാൻ നിർമിച്ചിരുന്ന മിസൈലുകൾ തകർത്തതായും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം കൂടുതൽ ശക്തമാക്കാനുള്ള നടപടികളിലേക്ക് അമേരിക്ക നീങ്ങുകയാണ്.

ഏകദേശം ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പശ്ചിമേഷ്യയിൽ വീണ്ടും വ്യാപകമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെട്ടതായും 142 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരിൽ 61 സ്ത്രീകളും 44 കുട്ടികളും ഉൾപ്പെടുന്നു.

തെക്കൻ ഇറാനിൽ വിവാഹച്ചടങ്ങ് നടന്ന സ്ഥലത്തും അമേരിക്കൻ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ആറ് വയസ്സുകാരൻ ഉൾപ്പെടെ നാല് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

അതിനിടെ ഹോർമുസ് കടലിടുക്കിലും സംഘർഷം ശക്തമായി. സൗദി അറേബ്യയുടെയും ദക്ഷിണ കൊറിയയുടെയും കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സൗദി കപ്പലിലുണ്ടായിരുന്ന രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നിൽ ഇറാനാണെന്നാണ് സൗദി അറേബ്യയുടെ ആരോപണം.

എന്നാൽ കപ്പലുകൾക്ക് നേരെയുണ്ടായ സംഭവത്തിൽ ഇറാൻ വ്യത്യസ്ത വിശദീകരണമാണ് നൽകിയത്. നിയന്ത്രിതമോ വിലക്കപ്പെട്ടതോ ആയ പാതയിലൂടെ സഞ്ചരിച്ച കപ്പലുകൾ കടൽ മൈനുകളിൽ ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇറാന്റെ വാദം.

ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സമില്ലാതെയും സുരക്ഷിതമായും തുടരണമെന്ന് ജി20 രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ഇതിനിടെ ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിനിടെയാണ് അമേരിക്ക ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാനുള്ള നീക്കവും നടത്തുന്നത്.