ലേണേഴ്‌സ് ടെസ്റ്റിൽ പുതിയ മാറ്റം; സ്മാർട്ട്ഫോൺ വഴി പരീക്ഷയ്ക്കും അനുമതി

ലേണേഴ്‌സ് ടെസ്റ്റിൽ പുതിയ മാറ്റം; സ്മാർട്ട്ഫോൺ വഴി പരീക്ഷയ്ക്കും അനുമതി

തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്‌സ് ലൈസൻസിനായുള്ള പരീക്ഷാ നടപടികൾ വേഗത്തിലാക്കാൻ മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനം നടപ്പിലാക്കുന്നു. ഓഫീസുകളിലെ കമ്പ്യൂട്ടറുകളുടെ അപര്യാപ്തത മൂലം പരീക്ഷകൾ വൈകുന്ന സാഹചര്യത്തിലാണ് അപേക്ഷകർക്ക് സ്വന്തം സ്മാർട്ട്ഫോൺ ഉപയോഗിച്ച് ലേണേഴ്‌സ് ടെസ്റ്റ് എഴുതാൻ അനുമതി നൽകിയത്.

പരീക്ഷകൾ എംവിഡി ലീഡ്സ് (MVD LEADS) മൊബൈൽ ആപ്പിലൂടെ നടത്തും. പരീക്ഷയ്ക്കിടെ അപേക്ഷകന്റെ മുഖം തിരിച്ചറിയുന്ന സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും പരീക്ഷ നടക്കുക.

ലേണേഴ്‌സ് ലൈസൻസ് ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ആർടിഒ ഓഫീസുകളിലും ആഴ്ചയിൽ അഞ്ച് ദിവസം ലേണേഴ്‌സ് പരീക്ഷ നടത്തും. അപേക്ഷ നൽകിയ ശേഷം മൂന്ന് ദിവസത്തിനുള്ളിൽ പരീക്ഷാ തീയതി ലഭിക്കുന്ന തരത്തിലാണ് പുതിയ ക്രമീകരണം.

ഡ്രൈവിങ് ടെസ്റ്റുകൾക്കായും കാത്തിരിപ്പ് കുറയ്ക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ അപേക്ഷകർക്ക് 30 ദിവസത്തിനുള്ളിലും പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എട്ട് ദിവസത്തിനുള്ളിലും വീണ്ടും അവസരം ലഭിക്കുന്ന രീതിയിലേക്ക് സംവിധാനം മാറ്റാനാണ് ശ്രമം.

ഇതിനൊപ്പം ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് ദിവസേന നടത്താവുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആക്കി ഉയർത്താൻ സർക്കാരിന്റെ അനുമതിയും ലഭിച്ചു. പ്രതിദിന പരീക്ഷാ സ്ലോട്ടുകളിൽ 28 പുതിയ അപേക്ഷകർക്കും 20 റീ-ടെസ്റ്റ് അപേക്ഷകർക്കും വിദേശ പഠനത്തിനായി പോകുന്ന രണ്ട് വിദ്യാർഥികൾക്കും പ്രത്യേക അവസരം നൽകും.

ആവശ്യമായ മേൽനോട്ട ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാനും ഗതാഗത കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. പുതിയ പരിഷ്‌കാരങ്ങളിലൂടെ ലൈസൻസ് നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം.