യുഎഇ പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ സുപ്രധാന അറിയിപ്പ്: പാസ്‌പോർട്ട്, വിസ നടപടികൾക്ക് പുതിയ കമ്പനി വരുന്നു

ഈ സേവനങ്ങള്‍ നല്‍കുന്നതിനായി പുതിയ കമ്പനി ചുമതലയേല്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യുഎഇ പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ സുപ്രധാന അറിയിപ്പ്: പാസ്‌പോർട്ട്, വിസ നടപടികൾക്ക് പുതിയ കമ്പനി വരുന്നു

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ചു. ഈ സേവനങ്ങള്‍ നല്‍കുന്നതിനായി പുതിയ കമ്പനി ചുമതലയേല്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി, നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കുന്ന ബിഎല്‍എസ് കേന്ദ്രങ്ങള്‍ ജൂണ്‍ 25 മുതല്‍ പുതിയ അപ്പോയിന്റുമെന്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെക്കുമെന്ന് എംബസി അറിയിച്ചു.

അടിയന്തിര സേവനങ്ങള്‍ക്കായി താത്കാലിക സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു. ജൂണ്‍ 26 മുതല്‍ 30 വരെ അടിയന്തിരമായി പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും നേരിട്ട് ഈ സേവനങ്ങള്‍ നല്‍കുന്നതായിരിക്കും.

ജൂലൈ 1 മുതല്‍ പുതിയ കേന്ദ്രങ്ങള്‍ നിലവില്‍ വരും

പുതിയ കരാര്‍ ലഭിച്ച 'അല്‍ഹിന്ദ്' കേന്ദ്രങ്ങളുടെ അപ്പോയിന്റ്മെന്റ് പോര്‍ട്ടല്‍ ജൂലൈ 1 മുതല്‍ സജ്ജമാകും. ഇതിനുശേഷമായിരിക്കും യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും സാധാരണ നിലയിലാകുക. അതിനാല്‍ പ്രവാസികള്‍ ഈ തീയതികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എംബസി ഓര്‍മ്മിപ്പിച്ചു.