34 കോടി രൂപയുടെ പുതിയ ഹൈടെക് പാലം ചൂരൽമലയിൽ, ഉയർന്ന ജലനിരപ്പിനെയും അതിജീവിക്കും
പുഴയുടെ ഒഴുക്കിന് തടസ്സമാകാതിരിക്കാൻ അടിത്തൂണുകളില്ലാത്ത രീതിയിലാണ് പാലത്തിന്റെ രൂപകൽപ്പന. ബോസ്ട്രിങ് മാതൃകയിൽ ഗർഡറുകൾ പരസ്പരം ബന്ധിപ്പിച്ചാണ് നിർമാണം
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന ചൂരൽമല പാലത്തിന് പകരമായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ പാലം ഒരുങ്ങുന്നു. 34 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിർമാണം. സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചു.
പുഴയുടെ ഒഴുക്കിന് തടസ്സമാകാതിരിക്കാൻ അടിത്തൂണുകളില്ലാത്ത രീതിയിലാണ് പാലത്തിന്റെ രൂപകൽപ്പന. ബോസ്ട്രിങ് മാതൃകയിൽ ഗർഡറുകൾ പരസ്പരം ബന്ധിപ്പിച്ചാണ് നിർമാണം. പുഴയ്ക്ക് മുകളിലൂടെ 107 മീറ്റർ നീളത്തിലും ഇരുകരകളിലായി 80 മീറ്റർ വീതം നീളത്തിലുമാണ് പാലം നിർമിക്കുക. ഉയർന്ന ജലനിരപ്പിനെയും അതിജീവിക്കാൻ കഴിയുന്ന തരത്തിൽ പാലത്തിന്റെ ഉയരം ക്രമീകരിച്ചിട്ടുണ്ട്. ദുരന്തസമയത്ത് പുന്നപ്പുഴയിൽ രേഖപ്പെടുത്തിയ പരമാവധി ജലനിരപ്പിനേക്കാൾ ഉയരത്തിലാണ് പാലം ഒരുക്കുന്നത്.
ചൂരൽമല ടൗണിൽ പൈലിംഗ് ജോലികൾക്കാണ് തുടക്കമായത്. ടൗണിൽനിന്ന് ആരംഭിക്കുന്ന പാലം മറുകരയിൽ അട്ടമല, മുണ്ടക്കൈ റോഡുകൾ സംഗമിക്കുന്ന ഭാഗത്തായിരിക്കും അവസാനിക്കുക. ഭാവിയിൽ സമാനമായ പ്രകൃതിദുരന്തങ്ങൾ ഉണ്ടായാലും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. നാല് വർഷത്തിനുള്ളിൽ പാലത്തിന്റെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Comments ()