യുഎഇയിൽ പുതിയ നിയമം; ആത്മഹത്യാശ്രമം കുറ്റമല്ല, പ്രേരണയ്ക്ക് കടുത്ത നടപടി

ആത്മഹത്യാശ്രമം കുറ്റമല്ലാതാക്കിയെങ്കിലും മറ്റൊരാളെ അതിന് പ്രേരിപ്പിക്കുന്നവർക്കും സഹായിക്കുന്നവർക്കും കടുത്ത ശിക്ഷ തുടരും. പ്രേരണയെത്തുടർന്ന് ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയും ചെയ്താൽ പ്രേരിപ്പിച്ചയാൾക്ക് തടവും പിഴയും ലഭിക്കാം

യുഎഇയിൽ പുതിയ നിയമം; ആത്മഹത്യാശ്രമം കുറ്റമല്ല, പ്രേരണയ്ക്ക് കടുത്ത നടപടി

ദുബായ്: ആത്മഹത്യാശ്രമത്തെ കുറ്റകൃത്യമായി കണക്കാക്കുന്ന വ്യവസ്ഥ ഒഴിവാക്കി യുഎഇയിൽ നിയമഭേദഗതി. കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച ഫെഡറൽ നിയമത്തിലാണ് സർക്കാർ മാറ്റം വരുത്തിയത്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ശിക്ഷാഭയം കാരണം ചികിത്സയിൽനിന്നും സഹായം തേടുന്നതിൽനിന്നും പിന്മാറുന്നത് തടയുകയും, അവരെ കുറ്റവാളികളായി കാണുന്നതിനുപകരം ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

ആത്മഹത്യാശ്രമം കുറ്റമല്ലാതാക്കിയെങ്കിലും മറ്റൊരാളെ അതിന് പ്രേരിപ്പിക്കുന്നവർക്കും സഹായിക്കുന്നവർക്കും കടുത്ത ശിക്ഷ തുടരും. പ്രേരണയെത്തുടർന്ന് ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയും ചെയ്താൽ പ്രേരിപ്പിച്ചയാൾക്ക് തടവും പിഴയും ലഭിക്കാം. ശ്രമത്തിന്റെ ഫലമായി സ്ഥിരമായ അംഗവൈകല്യം സംഭവിക്കുകയോ 20 ദിവസത്തിലധികം ജോലി ചെയ്യാൻ കഴിയാത്ത തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയോ ചെയ്താൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കും. ആത്മഹത്യയെ തുടർന്നാണ് മരണം സംഭവിക്കുന്നതെങ്കിൽ പ്രേരണ നൽകിയ വ്യക്തിക്ക് അഞ്ച് മുതൽ ഏഴ് വർഷം വരെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

പ്രേരണ നൽകിയ വ്യക്തി സ്വന്തം ഇഷ്ടപ്രകാരം ഇടപെട്ട് ഇരയുടെ ജീവൻ രക്ഷിച്ചാൽ കോടതിക്ക് ശിക്ഷയിൽ ഇളവ് നൽകാം. എന്നാൽ ഇരയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല. 18 വയസ്സിൽ താഴെയുള്ള കുട്ടികളെയോ മാനസിക വളർച്ചയില്ലാത്തവരെയോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന പ്രവൃത്തി കൊലപാതകത്തിനോ കൊലപാതകശ്രമത്തിനോ തുല്യമായി കണക്കാക്കും. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളെ നാടുകടത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.

കൊലപാതകക്കേസുകളിലെ ‘ക്വിസാസ്’ അവകാശവുമായി ബന്ധപ്പെട്ട വ്യവസ്ഥയിലും ഭേദഗതി വരുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ ക്വിസാസ് ശിക്ഷ മാപ്പാക്കിയാലും കുറ്റവാളിക്ക് കുറഞ്ഞത് 15 വർഷവും പരമാവധി 20 വർഷവും തടവ് അനുഭവിക്കേണ്ടിവരും. ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട നിയമപരമായ സമീപനത്തിൽ മാനുഷിക പരിഗണനയ്ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം, മറ്റുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നവർക്കെതിരായ ശിക്ഷാനടപടികൾ ശക്തമായി നിലനിർത്തുകയാണ് യുഎഇയുടെ പുതിയ നിയമഭേദഗതി.