വിദ്യാർഥികൾക്ക് സാങ്കേതിക പഠനോപകരണങ്ങൾ വാങ്ങാൻ പുതിയ വായ്പ; കേരള ബാങ്കിന്റെ 'ജെൻസി ടെക്' പദ്ധതി ഉടൻ

ലാപ്ടോപ്പും ടാബും വാങ്ങുന്നതിനാണ് വായ്പ അനുവദിക്കുക. മൊബൈൽ ഫോൺ വാങ്ങാൻ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. 30 മാസമാണ് തിരിച്ചടവ് കാലാവധി. വാർഷിക പലിശ നിരക്ക് 6.99 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്

വിദ്യാർഥികൾക്ക് സാങ്കേതിക പഠനോപകരണങ്ങൾ വാങ്ങാൻ പുതിയ വായ്പ; കേരള ബാങ്കിന്റെ 'ജെൻസി ടെക്' പദ്ധതി ഉടൻ

തിരുവനന്തപുരം: കോളജ് വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്കായി ലാപ്ടോപ്പും ടാബും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ സഹായിക്കുന്ന പുതിയ വായ്പാ പദ്ധതിയുമായി കേരള ബാങ്ക്. 'ജെൻസി ടെക്' എന്ന പേരിലുള്ള പദ്ധതി പ്രകാരം പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 27-ന് കൊച്ചിയിൽ നടക്കും.

ലാപ്ടോപ്പും ടാബും വാങ്ങുന്നതിനാണ് വായ്പ അനുവദിക്കുക. മൊബൈൽ ഫോൺ വാങ്ങാൻ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. 30 മാസമാണ് തിരിച്ചടവ് കാലാവധി. വാർഷിക പലിശ നിരക്ക് 6.99 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്.

വായ്പയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥി രക്ഷിതാവിനൊപ്പം സംയുക്ത അപേക്ഷ നൽകണം. ഇതോടൊപ്പം ഒരു അടുത്ത ബന്ധുവിന്റെ ജാമ്യവും നിർബന്ധമാണ്. അപേക്ഷകരുടെ സിബിൽ സ്കോർ വിലയിരുത്തിയ ശേഷമായിരിക്കും വായ്പ അനുവദിക്കുക.

ജെൻസി ടെക് വായ്പയെടുത്ത വിദ്യാർഥികൾ പിന്നീട് കേരള ബാങ്കിൽ നിന്ന് വിദ്യാഭ്യാസ വായ്പയും സ്വീകരിക്കുന്ന പക്ഷം അതിന്റെ പലിശ നിരക്കിൽ അര ശതമാനം ഇളവ് ലഭിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

അതേസമയം, ബാങ്കിന്റെ ഭരണസമിതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിച്ച കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനനും വൈസ് പ്രസിഡന്റ് ടി.വി. രാജേഷും, നിലവിലെ ഡയറക്ടർ ബോർഡ് നിയമാനുസൃതമായും ജനാധിപത്യ രീതിയിലുമാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും ഭരണപരമായ മാറ്റങ്ങളെക്കുറിച്ച് ആശങ്ക വേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. റിസർവ് ബാങ്ക്, നബാർഡ്, സംസ്ഥാന സർക്കാർ എന്നിവയുമായി സഹകരിച്ചാണ് ബാങ്കിന്റെ പ്രവർത്തനമെന്നും അവർ കൂട്ടിച്ചേർത്തു.