ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ആറു ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ജൂലൈ 29 വരെ വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച മുതൽ മഴയുടെ ശക്തി കൂടുതൽ വർധിക്കാനാണ് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദം കേരളത്തിൽ മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ–വടക്കൻ ഒഡീഷ തീരത്തിനും മുകളിലായാണ് ന്യൂനമർദം സ്ഥിതിചെയ്യുന്നത്. അടുത്ത രണ്ട് ദിവസത്തിനിടെ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇതിനിടെ തെക്കുപടിഞ്ഞാറൻ രാജസ്ഥാനും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള മറ്റൊരു ന്യൂനമർദവും സജീവമായി തുടരുകയാണ്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജൂലൈ 29 വരെ വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച മുതൽ മഴയുടെ ശക്തി കൂടുതൽ വർധിക്കാനാണ് സാധ്യത.
എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യത കൽപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ടാകും.
മഴയ്‌ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
കടലിൽ ജാഗ്രത തുടരാൻ നിർദേശം
ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങൾ, വടക്കുകിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടും. ചില സമയങ്ങളിൽ ഇത് 65 കിലോമീറ്റർ വരെ ശക്തിപ്പെടാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം.
പശ്ചിമ ബംഗാൾ, ഒഡീഷ, വടക്കൻ ആന്ധ്രപ്രദേശ് തീരപ്രദേശങ്ങൾ, വടക്കൻ, മധ്യ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില ഘട്ടങ്ങളിൽ ഇത് 60 കിലോമീറ്റർ വരെ ഉയരാൻ ഇടയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാകുമെന്നും ബന്ധപ്പെട്ടവർ ഔദ്യോഗിക മുന്നറിയിപ്പുകൾ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments ()