സലാലയിൽ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോർ; സെൽഫ് ചെക്ക്ഔട്ട് സൗകര്യം, ഒമാനിലെ റീട്ടെയിൽ ശൃംഖല വിപുലീകരിച്ച് ലുലു ഗ്രൂപ്പ്

സലാല വിലായത്തിലെ വാലിയായ ശൈഖ് ഡോ. സയീദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല അൽ ഹാർത്തി പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു

സലാലയിൽ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോർ; സെൽഫ് ചെക്ക്ഔട്ട് സൗകര്യം, ഒമാനിലെ റീട്ടെയിൽ ശൃംഖല വിപുലീകരിച്ച് ലുലു ഗ്രൂപ്പ്

സലാല: ഒമാനിലെ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് സലാലയിൽ പുതിയ എക്‌സ്പ്രസ് സ്റ്റോർ ആരംഭിച്ചു. അൽ മുറൂജ് മേഖലയിലാണ് പുതിയ സ്റ്റോർ പ്രവർത്തനം തുടങ്ങിയത്.

സലാല വിലായത്തിലെ വാലിയായ ശൈഖ് ഡോ. സയീദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല അൽ ഹാർത്തി പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ.എ, സർക്കാർ പ്രതിനിധികൾ, പ്രമുഖ വ്യക്തികൾ, ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സലാലയിലെ വളർന്നുവരുന്ന താമസ മേഖലകളിലെ ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ കൂടുതൽ എളുപ്പത്തിൽ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഔട്ട്‌ലെറ്റ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റോറിൽ പല വിഭാഗങ്ങളിലായി വിപുലമായ ഉൽപ്പന്ന ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

വേഗത്തിലുള്ള ഷോപ്പിംഗ് അനുഭവത്തിനായി സെൽഫ് ചെക്ക്ഔട്ട് കിയോസ്കുകൾ, പ്രത്യേക എക്‌സ്പ്രസ് കൗണ്ടറുകൾ, ഉപഭോക്താക്കൾക്കായി വിശാലമായ പാർക്കിംഗ് സൗകര്യം തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്.

പുതിയ സ്റ്റോർ ആരംഭിച്ചതോടെ ഒമാനിലെ വിവിധ മേഖലകളിലേക്ക് കൂടുതൽ സൗകര്യപ്രദമായ റീട്ടെയിൽ സേവനങ്ങൾ എത്തിക്കാനുള്ള ലുലുവിന്റെ വികസന പദ്ധതികൾക്ക് കൂടുതൽ വേഗത ലഭിക്കുമെന്ന് ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു. പുതിയ സംരംഭം പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും സലാലയുടെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക സൗകര്യങ്ങളോടെയുള്ള ഉപഭോക്തൃ സൗഹൃദ ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ് ഒമാനിലെ വിപുലീകരണ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു അധികൃതർ അറിയിച്ചു