തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി സന്ദർശനത്തിനും മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം; പുതിയ നിർദേശം
വിഐപി ദർശനം ആവശ്യപ്പെടുന്നവർ ക്ഷേത്ര സന്ദർശനത്തിന് ഒരു ദിവസം മുമ്പ് അധികൃതരെ വിവരം അറിയിക്കണം. എത്തുന്ന സമയവും ഒപ്പമുണ്ടാകുന്ന ആളുകളുടെ എണ്ണവും മുൻകൂട്ടി വ്യക്തമാക്കണമെന്നും നിർദേശമുണ്ട്. സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖർക്കും പുതിയ മാനദണ്ഡങ്ങൾ ബാധകമായിരിക്കും.
ചെന്നൈ: ക്ഷേത്രങ്ങളിലെ വിഐപി സന്ദർശനങ്ങളും മൊബൈൽ ഫോൺ ഉപയോഗവും നിയന്ത്രിക്കാൻ പുതിയ നിർദേശങ്ങളുമായി തമിഴ്നാട് ദേവസ്വം വകുപ്പ്. സാധാരണ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
വിഐപി ദർശനം ആവശ്യപ്പെടുന്നവർ ക്ഷേത്ര സന്ദർശനത്തിന് ഒരു ദിവസം മുമ്പ് അധികൃതരെ വിവരം അറിയിക്കണം. എത്തുന്ന സമയവും ഒപ്പമുണ്ടാകുന്ന ആളുകളുടെ എണ്ണവും മുൻകൂട്ടി വ്യക്തമാക്കണമെന്നും നിർദേശമുണ്ട്. സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖർക്കും പുതിയ മാനദണ്ഡങ്ങൾ ബാധകമായിരിക്കും.
ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റീൽസ് ഉൾപ്പെടെയുള്ള ചിത്രീകരണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഭക്തർക്ക് ഫോൺ ക്ഷേത്രത്തിന് പുറത്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. ഇതിനായി അഞ്ച് രൂപ ഫീസ് ഈടാക്കും. പുതിയ നിയന്ത്രണങ്ങൾ സെപ്റ്റംബർ ഒന്നുമുതൽ നിലവിൽ വരും. അതിന് മുമ്പായി ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും എല്ലാ ക്ഷേത്രങ്ങളിലും പൂർത്തിയാക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശം നൽകി.
Comments ()