മക്കയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; വാഹനങ്ങൾക്കായി പുതിയ പാതകൾ തുറന്നു

പ്രിൻസ് മുതൈബ് ജങ്ഷൻ മുതൽ മസ്ജിദുൽ ഹറാം ജങ്ഷൻ വരെയുള്ള റോഡിൽ 1.5 കിലോമീറ്റർ ദൈർഘ്യമുള്ള അധിക ഭാഗവും ഗതാഗതത്തിനായി തുറന്നു. പ്രിൻസ് സുൽത്താൻ ജങ്ഷൻ വഴിയാണ് ഈ പുതിയ ഭാഗം കടന്നുപോകുന്നത്.

മക്കയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; വാഹനങ്ങൾക്കായി പുതിയ പാതകൾ  തുറന്നു

ജിദ്ദ: മക്കയിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതുതായി നിർമിച്ച റോഡുകളുടെ വിവിധ ഭാഗങ്ങൾ വാഹനങ്ങൾക്കായി തുറന്നുകൊടുത്തു. തേർഡ് റിങ് റോഡ്, പ്രിൻസ് സൗദ് അൽ ഫൈസൽ റോഡ് എന്നിവയുടെ ഭാഗങ്ങളിലാണ് പുതിയ ഗതാഗത പാതകൾ സജ്ജമായത്. പദ്ധതികൾ പൂർത്തിയാകുന്നതോടെ യാത്രാസമയം 90 ശതമാനത്തിലധികം കുറയ്ക്കാൻ കഴിയുമെന്നാണ് റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് അറിയിച്ചത്.

പ്രിൻസ് മുതൈബ് ജങ്ഷൻ മുതൽ മസ്ജിദുൽ ഹറാം ജങ്ഷൻ വരെയുള്ള റോഡിൽ 1.5 കിലോമീറ്റർ ദൈർഘ്യമുള്ള അധിക ഭാഗവും ഗതാഗതത്തിനായി തുറന്നു. പ്രിൻസ് സുൽത്താൻ ജങ്ഷൻ വഴിയാണ് ഈ പുതിയ ഭാഗം കടന്നുപോകുന്നത്.

ഇതിനൊപ്പം പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ആക്സിസിൽ നിന്ന് ആരംഭിച്ച് പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് ജങ്ഷൻ വഴി അബ്ദുൽ ഖാദിർ കുഷ്ക് സ്ട്രീറ്റിലേക്ക് എത്തുന്ന റോഡിന്റെ ബാക്കിയുള്ള ഭാഗവും വാഹനങ്ങൾക്കായി തുറന്നിട്ടുണ്ട്. പ്രദേശത്തെ താമസക്കാർക്കും യാത്രക്കാർക്കും പുതിയ പാത പ്രയോജനപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

മക്കയിലെ പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാന പരിഗണന നൽകുന്നത്. ഹജ്ജ്, ഉംറ കാലയളവുകളിൽ നഗരത്തിലെത്തുന്ന തീർത്ഥാടകർ, സന്ദർശകർ, താമസക്കാർ എന്നിവർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.