പുതിയ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കത്തിലേ തിരിച്ചടി; തൊഴിലവസരങ്ങളിൽ വൻ കുറവ്
ജൂലൈയിൽ പുതിയ പദ്ധതിക്ക് കീഴിൽ ആകെ 7.67 കോടി തൊഴിൽ ദിനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസിന് കീഴിൽ 15.33 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിരുന്നു
ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ് സംവിധാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റത്തിന് പിന്നാലെ ആദ്യ മാസം തന്നെ തൊഴിലവസരങ്ങളിൽ വലിയ ഇടിവ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന വികസിത് ഭാരത്–ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ജീവിക മിഷൻ (വി.ബി–ജി റാം ജി) പദ്ധതിയുടെ ആദ്യ മാസത്തെ കണക്കുകളിലാണ് ആശങ്കപ്പെടുത്തുന്ന മാറ്റം പുറത്തുവന്നിരിക്കുന്നത്.
ജൂലൈയിൽ പുതിയ പദ്ധതിക്ക് കീഴിൽ ആകെ 7.67 കോടി തൊഴിൽ ദിനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസിന് കീഴിൽ 15.33 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിരുന്നു. കണക്കുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഇത്തവണ തൊഴിൽ ദിനങ്ങളുടെ എണ്ണത്തിൽ 49.94 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഗ്രാമീണ കുടുംബങ്ങൾക്ക് വരുമാന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന സംവിധാനമായിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയിൽ വലിയ മാറ്റം വരുത്തിയാണ് പുതിയ നിയമം നടപ്പാക്കിയത്. വർഷത്തിൽ ഒരു കുടുംബത്തിന് ലഭിക്കാവുന്ന തൊഴിൽ ദിനങ്ങളുടെ പരിധി 100ൽ നിന്ന് 125 ദിവസമാക്കി ഉയർത്തിയതും വേതനം വർധിപ്പിച്ചതുമായിരുന്നു പുതിയ പദ്ധതിയുടെ പ്രധാന പ്രഖ്യാപനങ്ങൾ.
തൊഴിൽ നൽകുന്നതിന് പുറമെ ഗ്രാമീണ മേഖലയിൽ ദീർഘകാല പ്രയോജനം നൽകുന്ന അടിസ്ഥാന സൗകര്യങ്ങളും മറ്റ് സ്ഥിരം ആസ്തികളും സൃഷ്ടിക്കുന്നതിനാണ് പുതിയ പദ്ധതിയിൽ കൂടുതൽ ഊന്നൽ നൽകുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ പദ്ധതി ആരംഭിച്ച ആദ്യ മാസത്തെ കണക്കുകൾ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായ ചിത്രമാണ് നൽകുന്നത്.
പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം കാരണം തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നതിൽ തടസ്സമുണ്ടായിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. തൊഴിൽ ആവശ്യപ്പെട്ടവരിൽ 99.5 ശതമാനത്തിലധികം പേർക്ക് ജോലി നൽകിയതായി ഗ്രാമവികസന മന്ത്രാലയം പാർലമെന്റിൽ അറിയിച്ചിരുന്നു. ജൂലൈ 22 വരെയുള്ള കണക്കനുസരിച്ച് 5.2 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
എന്നാൽ മാസാവസാനത്തെ സമഗ്ര കണക്കുകൾ പുറത്തുവന്നതോടെ ജൂലൈയിലെ മൊത്തം തൊഴിൽ സൃഷ്ടി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി താഴ്ന്നതായി വ്യക്തമായി. പുതിയ പദ്ധതിയുടെ ആദ്യ മാസത്തിൽ തന്നെ ഇത്രയും വലിയ ഇടിവ് സംഭവിച്ചതിന്റെ കാരണം എന്താണെന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ വ്യക്തമായ വിശദീകരണം പുറത്തുവന്നിട്ടില്ല.
തൊഴിൽ ആവശ്യപ്പെടുന്ന ഗ്രാമീണ തൊഴിലാളികൾക്ക് യഥാർഥത്തിൽ എത്രമാത്രം ജോലി ലഭിക്കുന്നു എന്നത് വിലയിരുത്തുന്നതിന് തൊഴിൽ ദിനങ്ങളുടെ എണ്ണം പ്രധാന മാനദണ്ഡമാണ്. അതിനാൽ തന്നെ പുതിയ പദ്ധതിയുടെ തുടക്കത്തിലെ ഈ കണക്കുകൾ ഗ്രാമീണ തൊഴിൽ മേഖലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വരും മാസങ്ങളിലെ കണക്കുകൾ പുറത്തുവരുന്നതോടെ ഇടിവ് താൽക്കാലികമാണോ പുതിയ പദ്ധതിയുടെ പ്രവർത്തനത്തിലെ ഘടനാപരമായ മാറ്റമാണോ എന്നതിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് വിലയിരുത്തൽ.
Comments ()