സൈക്കിളില്‍ നിന്ന് പുത്തന്‍ സ്‌കൂട്ടറിലേക്ക്! ഡെലിവറി ബോയ്ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ച് അനന്ത് അംബാനി, വീഡിയോ കാണാം

ഡെലിവറി ബോയ്ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ച് അനന്ത് അംബാനി

സൈക്കിളില്‍ നിന്ന് പുത്തന്‍ സ്‌കൂട്ടറിലേക്ക്! ഡെലിവറി ബോയ്ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ച് അനന്ത് അംബാനി, വീഡിയോ കാണാം

കടുത്ത പ്രതിസന്ധികൾക്കിടയിലും ജീവിതമാർഗ്ഗത്തിനായി സൈക്കിളിൽ ഡെലിവറി ജോലി ചെയ്തിരുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബ്ലിങ്കിറ്റിലെ ഡെലിവറി ജീവനക്കാരനായ സുജിത് എന്ന യുവാവിന് അപ്രതീക്ഷിതമായി ഒരു പുത്തൻ സ്കൂട്ടർ സമ്മാനമായി ലഭിക്കുന്ന കാഴ്ച പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുകയാണ്.

സോഷ്യൽ വർക്കറായ ഹുസൈൻ മൻസൂരിയാണ് സുജിതിനായി ഈ മനോഹരമായ സർപ്രൈസ് ഒരുക്കിയത്. സുജിതിന്റെ കണ്ണുകൾ കെട്ടിയ ശേഷം കെട്ടഴിക്കാൻ ആവശ്യപ്പെടുന്നതും, മുന്നിൽ നിൽക്കുന്ന പുതിയ സ്കൂട്ടർ കണ്ട് വിശ്വസിക്കാനാകാതെ അവൻ വികാരാധീനനായി പൊട്ടിക്കരയുന്നതുമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വ്യവസായ പ്രമുഖനായ അനന്ത് അംബാനിയാണ് ഈ പുത്തൻ സ്കൂട്ടർ സുജിതിന് സമ്മാനമായി നൽകിയതെന്ന് ഹുസൈൻ മൻസൂരി വീഡിയോയിലൂടെ വ്യക്തമാക്കി.

'PinkiPragya' എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പുറത്തുവന്ന ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. "പണമുണ്ടാകുന്നത് ഒരു കാര്യമാണ്, എന്നാൽ വലിയൊരു മനസ്സുണ്ടാകുക എന്നത് മറ്റൊന്നാണ്. സമ്പന്നരായ എല്ലാവർക്കും മറ്റൊരാളെ സന്തോഷം കൊണ്ട് സമ്പന്നനാക്കാൻ കഴിയില്ല" എന്ന ഹൃദയസ്പർശിയായ അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കണ്ട ആയിരക്കണക്കിന് ആളുകളാണ് പ്രതികരണങ്ങളുമായി എത്തുന്നത്. "എനിക്ക് വാക്കുകളില്ല... ആ യുവാവിന്റെ പ്രതികരണം കണ്ടപ്പോൾ കണ്ണീരടക്കാൻ കഴിഞ്ഞില്ല" എന്ന് ഒരാൾ കുറിച്ചപ്പോൾ, അനന്ത് അംബാനിയുടെ വലിയ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് മറ്റു ചിലരും രംഗത്തെത്തി. "വളരെ മനോഹരമായ ഒരു പ്രവൃത്തി! നമ്മളാൽ കഴിയുന്ന രീതിയിൽ ഇത്തരം മനുഷ്യരെ സഹായിക്കാൻ ഇത് പ്രചോദനമാകട്ടെ. ബ്ലിങ്കിറ്റ്, സൊമാറ്റോ തുടങ്ങിയവയിൽ നിന്ന് ഓർഡർ ചെയ്യുമ്പോൾ ചെറിയൊരു തുകയെങ്കിലും ടിപ്പ് നൽകാൻ നാം ശ്രദ്ധിക്കണം" എന്ന് മറ്റൊരാൾ കുറിച്ചു.

പ്രതിസന്ധികളിൽ തളരാതെ അധ്വാനിക്കുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ഇത്തരം നന്മ നിറഞ്ഞ പ്രവർത്തികൾക്ക് വലിയ ജനപ്രീതിയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.