വിവാഹവേഷത്തിൽ ചെളിയിൽ മുങ്ങി വധു; നവദമ്പതികളുടെ കാർ പാടത്തേക്ക് മറിഞ്ഞു
19കാരിയായ ഡാം തി സൂവാനും 21കാരനായ ലി വാൻ വിയറ്റുമാണ് അപകടത്തിൽപ്പെട്ടത്. വധുവിന്റെ വീട്ടിൽനിന്ന് വരന്റെ കുടുംബവീട്ടിലേക്ക് പോകുന്നതിനിടെയാണ് കാർ റോഡിൽനിന്ന് തെന്നിമാറി ഏകദേശം ഒരു മീറ്റർ ആഴമുള്ള ചെളിവെള്ളത്തിലേക്ക് പതിച്ചത്
വിയറ്റ്നാം: ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിലൊന്നായ വിവാഹദിനം നവദമ്പതികൾക്ക് മറക്കാനാകാത്ത ദുരനുഭവമായി. വിവാഹച്ചടങ്ങുകൾക്ക് ശേഷം യാത്ര ചെയ്യുന്നതിനിടെ വധൂവരന്മാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വെള്ളവും ചെളിയും നിറഞ്ഞ നെൽപ്പാടത്തേക്ക് മറിഞ്ഞു. വിയറ്റ്നാമിലെ ടുയൻ ക്വാങ് പ്രവിശ്യയിൽ നവംബർ 10-നായിരുന്നു സംഭവം.
19കാരിയായ ഡാം തി സൂവാനും 21കാരനായ ലി വാൻ വിയറ്റുമാണ് അപകടത്തിൽപ്പെട്ടത്. വധുവിന്റെ വീട്ടിൽനിന്ന് വരന്റെ കുടുംബവീട്ടിലേക്ക് പോകുന്നതിനിടെയാണ് കാർ റോഡിൽനിന്ന് തെന്നിമാറി ഏകദേശം ഒരു മീറ്റർ ആഴമുള്ള ചെളിവെള്ളത്തിലേക്ക് പതിച്ചത്. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയുമാകാം അപകടത്തിന് കാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
കാറിന്റെ വധു ഇരുന്ന ഭാഗത്തെ വാതിൽ ചെളിവെള്ളത്തിലേക്ക് തുറന്ന നിലയിലായിരുന്നു. അപകടം കണ്ടെത്തിയ യുവാക്കൾ ആദ്യം വാഹനം ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് നാട്ടുകാർ കൂട്ടത്തോടെ എത്തിയാണ് കാർ ഉയർത്തി ദമ്പതികളെ പുറത്തെടുത്തത്. അപകടത്തിൽ ഇരുവർക്കും ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ചെളിയിൽ കുളിച്ച നിലയിലുള്ള നവദമ്പതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിവാഹദിനത്തിൽ ഇത്തരമൊരു അനുഭവം നേരിടേണ്ടിവന്ന ദമ്പതികളോട് നിരവധി പേർ സഹതാപം പ്രകടിപ്പിച്ചു. അതേസമയം, സംഭവത്തെ തമാശരൂപത്തിൽ കണ്ടും ചിലർ പ്രതികരണങ്ങളുമായെത്തി. വധുവിന്റെ വസ്ത്രത്തിനും ലുക്കിനും ഒപ്പം ചേരാൻ താനും ചെളിയിൽ ഇറങ്ങുമായിരുന്നുവെന്ന തരത്തിലുള്ള രസകരമായ കമന്റുകളും ശ്രദ്ധ നേടി.
Comments ()