ശ്രീധരൻ പിള്ളയ്ക്ക് ഹൈക്കോടതിയുടെ അപൂർവ ബഹുമതി; വിശിഷ്ട സീനിയർ അഭിഭാഷക പദവി
സാധാരണയായി നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള അഭിഭാഷകർ സീനിയർ അഭിഭാഷക പദവിക്കായി അപേക്ഷ നൽകുന്നതാണ് പതിവ്
കൊച്ചി: മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് കേരള ഹൈക്കോടതിയുടെ അപൂർവ അംഗീകാരം. അപേക്ഷ സമർപ്പിക്കാതെയാണ് നാല് പതിറ്റാണ്ടിലേറെയായി നിയമരംഗത്തും പൊതുപ്രവർത്തനത്തിലും നൽകിയ സംഭാവനകൾ പരിഗണിച്ച് ഹൈക്കോടതി ഫുൾ കോർട്ട് അദ്ദേഹത്തിന് വിശിഷ്ട സീനിയർ അഭിഭാഷക പദവി നൽകാൻ തീരുമാനിച്ചത്. ഗവർണർ പദവി വഹിച്ച ശേഷം ഈ ബഹുമതി ലഭിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും ശ്രീധരൻ പിള്ളയ്ക്കുണ്ട്.
സാധാരണയായി നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള അഭിഭാഷകർ സീനിയർ അഭിഭാഷക പദവിക്കായി അപേക്ഷ നൽകുന്നതാണ് പതിവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയാണ് അപേക്ഷകൾ പരിശോധിക്കുന്നത്. മുതിർന്ന രണ്ട് ജഡ്ജിമാർ, അഡ്വക്കേറ്റ് ജനറൽ അല്ലെങ്കിൽ അറ്റോർണി ജനറൽ, ബാർ അസോസിയേഷൻ പ്രതിനിധി എന്നിവരും സമിതിയിൽ അംഗങ്ങളായിരിക്കും. അഭിഭാഷകർ കൈകാര്യം ചെയ്ത പ്രധാന കേസുകൾ, നിയമരംഗത്തെ സംഭാവനകൾ, പ്രസിദ്ധീകരണങ്ങൾ, പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.
ചുരുക്കപ്പട്ടികയിൽ ഇടംനേടുന്ന അഭിഭാഷകരെ സ്ഥിരം സമിതി അഭിമുഖം ചെയ്യുകയും ശുപാർശകൾ ഫുൾ കോർട്ടിന് സമർപ്പിക്കുകയും ചെയ്യും. ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ ജഡ്ജിമാർ ഉൾപ്പെടുന്ന ഫുൾ കോർട്ട് യോഗമാണ് അന്തിമ അംഗീകാരം നൽകുന്നത്. എന്നാൽ അസാധാരണമായ നിയമമികവ് കണക്കിലെടുത്ത് അപേക്ഷ നൽകാത്ത വ്യക്തിക്കും അവരുടെ സമ്മതത്തോടെ ഫുൾ കോർട്ടിന് സ്വമേധയാ പദവി നൽകാൻ സാധിക്കും. ഈ പ്രത്യേക നടപടിയിലൂടെയാണ് ശ്രീധരൻ പിള്ളയ്ക്കും അംഗീകാരം ലഭിച്ചത്.
കീഴ്ക്കോടതികൾ മുതൽ സുപ്രീം കോടതി വരെയുള്ള വിവിധ പ്രധാന കേസുകളിൽ ശ്രീധരൻ പിള്ള അഭിഭാഷകനായി ഹാജരായിട്ടുണ്ട്. വ്യത്യസ്ത സർക്കാരുകളുടെ കാലയളവിൽ നിരവധി കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം പ്രവർത്തിച്ചു. ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്റെ സീനിയർ സ്റ്റാൻഡിങ് കൗൺസലായും സിബിഐയുടെ സ്റ്റാൻഡിങ് കൗൺസലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിയമരംഗത്തിന് പുറമെ പൊതുപ്രവർത്തനത്തിലും ശ്രീധരൻ പിള്ള സജീവമായിരുന്നു. മിസോറാം, ഗോവ സംസ്ഥാനങ്ങളുടെ ഗവർണർ പദവിയും അദ്ദേഹം വഹിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ രജിസ്റ്റേർഡ് ഗ്രാജുവേറ്റ്സ് കോൺസ്റ്റിറ്റ്വൻസിയിൽനിന്ന് തുടർച്ചയായി മൂന്ന് തവണ സെനറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
സാഹിത്യ-നിയമ മേഖലകളിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. കഥ, കവിത, ലേഖനങ്ങൾ എന്നിവയ്ക്കു പുറമെ നിയമവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. നീതിയുടെ രാഷ്ട്രീയം, വധശിക്ഷ, ഭാരതത്തിന്റെ ഭരണഘടന, ചിരിയും ചിന്തയും കറുത്ത കോർട്ടിൽ, ഷാ കമ്മീഷൻ: എ കോസ് ഫ്രം എ ബറീഡ് റിപ്പോർട്ട്, വക്കീൽ ഡയറി തുടങ്ങിയവ ഉൾപ്പെടെ 280ഓളം കൃതികളുടെ രചയിതാവാണ് ശ്രീധരൻ പിള്ള.
നിയമ ലേഖനത്തിനുള്ള അഡ്വ. കെ. കുഞ്ഞിരാമ മേനോൻ സ്മാരക പുരസ്കാരം, ശ്രീനാഥാശ്രമം അവാർഡ്, അമൃതകീർത്തി പുരസ്കാരം, പോപ്പ് ജോൺ പോൾ മാർപാപ്പ സ്മാരക പ്രതിഭാ പുരസ്കാരം, എൻഎസ്എസ് ചട്ടമ്പി സ്വാമികൾ സ്മാരക അവാർഡ് തുടങ്ങിയ വിവിധ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ലോ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്.
Comments ()