ലൈസൻസില്ലാതെ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചു; ദുബായിൽ യുവാവിന് 5,000 ദിർഹം പിഴ
ദുബായ് അൽ റഫ മേഖലയിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ സീബ്ര ക്രോസിംഗിലൂടെ കടന്നുപോകുകയായിരുന്ന കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.
ദുബായ്: സീബ്ര ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം അപകടസ്ഥലത്ത് നിർത്താതെ പോയ കേസിൽ യുവാവിന് ദുബായ് ട്രാഫിക് കോടതി 5,000 ദിർഹം പിഴ ചുമത്തി. ഡ്രൈവറുടെ കൈവശം സാധുവായ യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം നൽകിയ ഉടമയ്ക്കും കോടതി 1,000 ദിർഹം പിഴ വിധിച്ചു.
ദുബായ് അൽ റഫ മേഖലയിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ സീബ്ര ക്രോസിംഗിലൂടെ കടന്നുപോകുകയായിരുന്ന കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.
അപകടത്തിന് പിന്നാലെ പരിക്കേറ്റയാളെ സഹായിക്കുന്നതിനോ അടിയന്തര സേവനങ്ങളെ ബന്ധപ്പെടുന്നതിനോ തയ്യാറാകാതെ ഡ്രൈവർ വാഹനവുമായി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഇയാൾക്ക് യുഎഇയിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്ന് വ്യക്തമായത്.
ലൈസൻസില്ലാതെ വാഹനമോടിച്ചതും സീബ്ര ക്രോസിംഗിൽ ആവശ്യമായ വേഗനിയന്ത്രണം പാലിക്കാതെ അപകടമുണ്ടാക്കിയതും അപകടത്തിൽപ്പെട്ടയാളെ സഹായിക്കാതെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതുമാണ് കേസിലെ പ്രധാന കുറ്റങ്ങൾ. ചോദ്യം ചെയ്യലിനിടെ പൊലീസ് മുമ്പാകെ യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തു.
ഡ്രൈവർക്ക് ലൈസൻസ് ഇല്ലെന്ന് അറിഞ്ഞിട്ടും വാഹനം ഉപയോഗിക്കാൻ നൽകിയതിനാണ് ഉടമയ്ക്കെതിരെയും നടപടിയെടുത്തത്. കേസിൽ ഇരുവർക്കുമുള്ള പിഴയാണ് കോടതി പ്രഖ്യാപിച്ചത്.
Comments ()