വട്ടവടയിലേക്ക് ഇനി ഫ്രീ എൻട്രിയില്ല; സഞ്ചാരികൾ പ്രവേശന ഫീസ് നൽകണം
വട്ടവടയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ഊർക്കാടിലാണ് പഞ്ചായത്ത് ഹരിത ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ എത്തുന്ന വാഹനങ്ങളിൽനിന്ന് നിശ്ചിത തുക ഈടാക്കും.
മൂന്നാർ: പ്രകൃതിഭംഗി ആസ്വദിക്കാനായി വട്ടവടയിലെത്തുന്ന സഞ്ചാരികൾ ഇനി പ്രവേശന ഫീസ് നൽകണം. വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ പ്രദേശത്ത് മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതും പതിവായിരിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായാണ് പഞ്ചായത്ത് ഫീസ് സംവിധാനം നടപ്പാക്കിയത്.
വട്ടവടയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ഊർക്കാടിലാണ് പഞ്ചായത്ത് ഹരിത ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ എത്തുന്ന വാഹനങ്ങളിൽനിന്ന് നിശ്ചിത തുക ഈടാക്കും. കൂടാതെ, യാത്രയ്ക്കിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സഞ്ചികളും സന്ദർശകർക്ക് നൽകും. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഈ മാലിന്യങ്ങൾ ചെക്ക്‌പോസ്റ്റിൽ തിരികെ ഏൽപ്പിക്കാം.
വാഹനങ്ങളുടെ അടിസ്ഥാനത്തിലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് 30 രൂപയും കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് നിരക്ക്. ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് 100 രൂപ നൽകണം.
സന്ദർശകർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ നിയോഗിച്ചിട്ടുള്ള തൊഴിലാളികളുടെ വേതനം കണ്ടെത്തുന്നതിനാണ് ഈ തുക ഉപയോഗിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. സൂര്യരാജ് വ്യക്തമാക്കി. വട്ടവടയുടെ പ്രകൃതിസൗന്ദര്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
Comments ()