ദുബൈ വിമാനത്താവളത്തിൽ യാത്ര കൂടുതൽ വേഗത്തിൽ; ‘റെഡ് കാർപെറ്റ്’ ഉപയോഗിച്ചത് 7.45 ലക്ഷം പേർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന ‘റെഡ് കാർപെറ്റ്’ സംവിധാനത്തിലൂടെ ശരാശരി 3.4 സെക്കൻഡിനുള്ളിൽ യാത്രക്കാരുടെ പരിശോധന പൂർത്തിയാക്കാൻ കഴിയുമെന്ന് ദുബൈ ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർറി അറിയിച്ചു
ദുബൈ: വിമാനയാത്രയിലെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്ന ദുബൈയുടെ ‘റെഡ് കാർപെറ്റ്’ ബയോമെട്രിക് സംവിധാനത്തിന് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം. 2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 7,45,188 പേരാണ് ഈ സംവിധാനത്തിലൂടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. പാസ്‌പോർട്ടോ ബോർഡിങ് പാസോ നേരിട്ട് ഹാജരാക്കേണ്ടതില്ലെന്നതാണ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന ‘റെഡ് കാർപെറ്റ്’ സംവിധാനത്തിലൂടെ ശരാശരി 3.4 സെക്കൻഡിനുള്ളിൽ യാത്രക്കാരുടെ പരിശോധന പൂർത്തിയാക്കാൻ കഴിയുമെന്ന് ദുബൈ ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർറി അറിയിച്ചു.
നേരത്തെ 12.5 സെക്കൻഡ് വരെ എടുത്തിരുന്ന ഇമിഗ്രേഷൻ പ്രോസസിങ് സമയം ഇതോടെ ഗണ്യമായി കുറഞ്ഞു. ഒരേസമയം 10 യാത്രക്കാരെ വരെ പരിശോധിക്കാൻ കഴിയുന്ന സംവിധാനത്തിൽ പേപ്പർ രേഖകളും ശാരീരിക സ്പർശവും ഒഴിവാക്കിയിട്ടുണ്ട്. പരിശോധനകൾ തത്സമയം പൂർത്തിയാക്കുന്നതിനൊപ്പം യാത്രക്കാരെ നിർത്താതെ കടത്തിവിടുന്ന ‘സ്റ്റോപ്-ഫ്രീ’ നിരക്കും 100 ശതമാനമാണെന്ന് അധികൃതർ വ്യക്തമാക്കി.
ദുബൈ വിമാനത്താവളത്തിലെ യാത്രാ നടപടികൾ കൂടുതൽ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സ്മാർട്ട് ഗേറ്റുകളുടെ ഉപയോഗം. ഈ വർഷം ആദ്യ എട്ട് മാസത്തിനിടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി 2.58 കോടി യാത്രക്കാർ സഞ്ചരിച്ചപ്പോൾ 93.82 ലക്ഷം പേർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചു. ആകെ യാത്രക്കാരിൽ 60 ശതമാനത്തിലധികം പേർ ഈ സംവിധാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയതായി ജിഡിആർഎഫ്എ അധികൃതർ അറിയിച്ചു.
കുട്ടികൾക്കായുള്ള പ്രത്യേക പാസ്‌പോർട്ട് കൺട്രോൾ സംവിധാനവും ഇതിനകം വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. സംവിധാനം ആരംഭിച്ചതുമുതൽ 20,66,195 കുട്ടികൾക്ക് ഇതിന്റെ സേവനം ലഭിച്ചു. 2026ലെ ആദ്യ എട്ട് മാസങ്ങളിൽ മാത്രം 2,12,746 കുട്ടികളാണ് ഇതുവഴി നടപടികൾ പൂർത്തിയാക്കിയത്.
അതേസമയം, തിരക്കേറിയ സമയങ്ങളിൽ യാത്രാനടപടികൾ കൂടുതൽ സുഗമമാക്കാൻ ‘ക്ലിക്ക് ആൻഡ് ട്രാവൽ’ എന്ന മൊബൈൽ സേവനവും ദുബൈ അവതരിപ്പിച്ചു. മൊബൈൽ ഉപകരണങ്ങളുമായി ഉദ്യോഗസ്ഥർ യാത്രക്കാരുടെ അടുത്തെത്തി ആവശ്യമായ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.
Comments ()