‘പോരും ഇല്ല, മത്സരവും ഇല്ല’; വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ദിവ്യ എസ്. അയ്യർ
തന്നെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് ദിവ്യ കുറിച്ചു. ഒരാളോടും മത്സരമോ വിരോധമോ തോന്നിയിട്ടില്ലെന്നും ആളുകളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് തന്റെ സമീപനമെന്നും അവർ പറഞ്ഞു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും മത്സരവും നിലനിൽക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് ദിവ്യ എസ്. അയ്യർ. ഉദ്യോഗസ്ഥർക്കിടയിൽ പോരാട്ടമോ ചേരിതിരിവോ ഇല്ലെന്നും ഔദ്യോഗിക നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദിവ്യ നിലപാട് വ്യക്തമാക്കിയത്.
തന്നെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് ദിവ്യ കുറിച്ചു. ഒരാളോടും മത്സരമോ വിരോധമോ തോന്നിയിട്ടില്ലെന്നും ആളുകളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് തന്റെ സമീപനമെന്നും അവർ പറഞ്ഞു. വസ്തുതകളില്ലാത്ത പ്രചാരണങ്ങൾക്ക് അവസാനമുണ്ടാകണമെന്നും ദിവ്യ അഭ്യർഥിച്ചു. സത്യവും അസത്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ് യഥാർഥ പോരാട്ടമെന്ന യുവകവി ആദിയുടെ കവിതയിലെ ആശയവും അവർ കുറിപ്പിൽ പങ്കുവെച്ചു.
വകുപ്പിന്റെ മാലിന്യനിർമാർജന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർ തമ്മിൽ മത്സരമുണ്ടെന്ന ചർച്ചകൾ ഉയർന്നത്. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ‘നിർമലം’ പദ്ധതിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ ‘ഐസി ഹണ്ട്രഡ് ചലഞ്ച്’ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. പദ്ധതികൾ രണ്ടും ഉദ്യോഗസ്ഥർക്കിടയിലെ പോരിന്റെ ഭാഗമാണെന്ന തരത്തിലുള്ള ആരോപണങ്ങളാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ ഔദ്യോഗിക ചുമതലകൾ നിർവഹിച്ചതല്ലാതെ മറ്റൊരു തർക്കവും ഉണ്ടായിട്ടില്ലെന്നാണ് ദിവ്യയുടെ വിശദീകരണം.
Comments ()