ഒരു കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ പ്ലസ്: പ്രവാസി മലയാളികൾക്ക് വൻ ആനുകൂല്യം
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും താമസിക്കുന്ന മലയാളി കുടുംബങ്ങൾക്ക് ഈ സുരക്ഷാപദ്ധതിയിൽ പങ്കാളികളാകാം.
നോർക്ക റൂട്ട്സ് വഴി പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നടപ്പാക്കുന്ന 'നോർക്ക കെയർ', 'നോർക്ക കെയർ പ്ലസ്' സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതികളുടെ പുതിയ എൻറോൾമെന്റ് ഘട്ടത്തിലേക്ക് ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും താമസിക്കുന്ന മലയാളി കുടുംബങ്ങൾക്ക് ഈ സുരക്ഷാപദ്ധതിയിൽ പങ്കാളികളാകാം.
പുതിയ എൻറോൾമെന്റ് ഘട്ടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 18-ന് നടക്കും. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി ഒരു സംസ്ഥാന സർക്കാർ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ വ്യക്തമാക്കി.
2026 മാർച്ചിലാണ് നോർക്ക കെയർ പ്ലസ് ആരംഭിച്ചത്. ഏപ്രിൽ 12 വരെ നടന്ന ആദ്യ എൻറോൾമെന്റ് ഘട്ടത്തിൽ 32,000 പ്രവാസി കുടുംബങ്ങൾ പദ്ധതിയിൽ അംഗങ്ങളായി. അഞ്ച് ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെ ഏഴ് വ്യത്യസ്ത ഇൻഷുറൻസ് സ്ലാബുകളിലാണ് പദ്ധതി ലഭ്യമാകുന്നത്.
- നോർക്ക കെയർ: അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും, 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയും നൽകുന്നു.
- നോർക്ക കെയർ പ്ലസ്: നിലവിലെ അംഗങ്ങൾക്ക് 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ കവറേജുള്ള നോർക്ക കെയർ പ്ലസിലേക്ക് മാറാം. ഇതിൽ ആരോഗ്യ ഇൻഷുറൻസ് തുകയ്ക്ക് തുല്യമായ തുക ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയായും ലഭിക്കും.
- മാതാപിതാക്കളുടെ പങ്കാളിത്തം: പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്.
- പങ്കാളിത്ത നിരക്ക്: 2025 സെപ്തംബർ 22 മുതൽ നവംബർ 30 വരെ നടന്ന ആദ്യഘട്ട എൻറോൾമെന്റിൽ 136 രാജ്യങ്ങളിൽ നിന്നായി 1,32,034 പ്രവാസി കുടുംബങ്ങൾ (ആകെ 5 ലക്ഷത്തോളം കുടുംബാംഗങ്ങൾ) അംഗങ്ങളായി.
Comments ()