നോർക്ക റൂട്ട്സ് പ്രവാസി കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു; കവറേജ് ഒരു കോടി രൂപ വരെ

ഒരുകോടി വരെയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സും ഒരുകോടി വരെയുള്ള അപകട ഇന്‍ഷൂറന്‍സും ഇതില്‍ ലഭ്യമാണ്

നോർക്ക റൂട്ട്സ് പ്രവാസി കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു; കവറേജ് ഒരു കോടി രൂപ വരെ

വിദേശത്ത് ജോലി ചെയ്യുന്ന മലയാളി പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നോർക്ക റൂട്ട്സ് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'നോർക്ക കെയർ പ്ലസ്' നടപ്പിലാക്കുന്നു. ഒരു കോടി രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസും അതിന് തുല്യമായ അപകട ഇൻഷുറൻസും ഉറപ്പുനൽകുന്നതാണ് ഈ പദ്ധതി. അപ്രതീക്ഷിതമായി എത്തുന്ന ഉയർന്ന ചികിത്സാച്ചെലവുകളിൽ നിന്ന് പ്രവാസി കുടുംബങ്ങളെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കുറഞ്ഞ പ്രീമിയ നിരക്കിൽ ലഭ്യമാകുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലെ 668 പ്രമുഖ ആശുപത്രികൾ ഉൾപ്പെടെ ഇന്ത്യയിലൊട്ടാകെയുള്ള 24,000-ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നത് പദ്ധതിയുടെ വലിയൊരു പ്രത്യേകതയാണ്.

18 നും 70 നും ഇടയിൽ പ്രായമുള്ള നോർക്ക ഐഡി കാർഡുള്ള പ്രവാസികൾക്ക് പദ്ധതിയിൽ അപേക്ഷിക്കാം. നോർക്ക ഐഡി കാർഡ് സ്വന്തമാക്കാൻ 408 രൂപയാണ് ഫീസ്; ഇതിന് മൂന്ന് വർഷത്തെ കാലാവധിയുണ്ടാകും. കൂടാതെ 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട ഇൻഷുറൻസും ഈ കാർഡിലൂടെ ലഭിക്കും. 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി എന്നിങ്ങനെ ഏഴ് വ്യത്യസ്ത സ്ലാബുകളിലാണ് ഇൻഷുറൻസ് പരിരക്ഷ തരംതിരിച്ചിരിക്കുന്നത്. പ്രവാസിയുടെ പങ്കാളി, മക്കൾ എന്നിവർക്ക് പുറമെ, 5 ലക്ഷത്തിന് മുകളിലുള്ള പോളിസികളിൽ 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താൻ സാധിക്കും. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ചായിരിക്കും പ്രീമിയം തുക നിശ്ചയിക്കുന്നത്.

'നോർക്ക കെയർ പ്ലസ്' ആപ്പ് വഴി നോർക്ക ഐഡി കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ലളിതമായ ഘട്ടങ്ങളിലൂടെ പ്രവാസികൾക്ക് ഇതിൽ അംഗങ്ങളാകാം. ആവശ്യമായ വിവരങ്ങൾ നൽകി പ്രീമിയം അടയ്ക്കുന്നതോടെ എൻറോൾമെന്റ് പൂർത്തിയാകും. കൂടുതൽ വിവരങ്ങൾക്കായി നോർക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.kerala.gov.in സന്ദർശിക്കുകയോ, 18002022502, 18604191401 എന്നീ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.