കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ദിവസാടിസ്ഥാനത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തുനിന്ന് പിൻവാങ്ങിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നു
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തെക്കേ ഇന്ത്യയിൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം ആരംഭിച്ചേക്കുമെന്നാണ് പ്രവചനം. ഇതോടെ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ദിവസാടിസ്ഥാനത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തുനിന്ന് പിൻവാങ്ങിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നു.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ബംഗാൾ ഉൾക്കടലിലും സമീപ സമുദ്ര മേഖലകളിലും നിലനിൽക്കുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. മന്നാർ ഉൾക്കടലിനും തെക്കൻ തമിഴ്നാട് തീരത്തിനും സമീപം സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി തുടരുകയാണ്. തെക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും മറ്റൊരു ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിലെ മഴസാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
Comments ()