കാറുമായി കൂട്ടിയിടിച്ച് ബൈക്ക് മറിഞ്ഞു; പിന്നാലെ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഇരുമ്പനം പുതിയ റോഡ് ജംഗ്ഷന് വടക്ക് മാക്സ്ഫൺ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന്റെ പിന്നിൽ ഇടിച്ചതിനെത്തുടർന്ന് ബിന്നിമോൾ റോഡിലേക്ക് വീഴുകയായിരുന്നു

കാറുമായി കൂട്ടിയിടിച്ച് ബൈക്ക് മറിഞ്ഞു; പിന്നാലെ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: ഇരുമ്പനത്ത് ബൈക്കിൽനിന്ന് റോഡിലേക്ക് വീണ യുവതിയുടെ ദേഹത്തുകൂടി മിനി ടാങ്കർ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. മുണ്ടക്കയം പാലൂർക്കാവ് തെക്കേമല ആലഞ്ചേരി ആന്റണി–മോളി ദമ്പതികളുടെ മകൾ ബിന്നിമോൾ ആന്റണി (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം.

ഇരുമ്പനം പുതിയ റോഡ് ജംഗ്ഷന് വടക്ക് മാക്സ്ഫൺ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന്റെ പിന്നിൽ ഇടിച്ചതിനെത്തുടർന്ന് ബിന്നിമോൾ റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് എതിർദിശയിൽനിന്നെത്തിയ മിനി ടാങ്കർ ലോറി യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നാണ് വിവരം.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ബിന്നിമോൾ. അപകടത്തെ തുടർന്ന് യുവതിയുടെ മരണത്തിൽ നാടും സഹപ്രവർത്തകരും ദുഃഖത്തിലാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് തെക്കേമല സെന്റ് മേരീസ് പള്ളിയിൽ നടക്കും.