അവധിക്ക് വീട്ടിലെത്തിയ നഴ്സിങ് വിദ്യാർഥിനി മരിച്ചനിലയിൽ;കൊലപാതകമെന്ന് പൊലീസ്, പ്രതിക്കായി തിരച്ചിൽ

അവധി ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസം മുൻപാണ് ഹരിണി വീട്ടിലെത്തിയത്. അമ്മ രാജേശ്വരിയും സഹോദരിയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. നേരത്തെ പിതാവ് മരിച്ചിരുന്നു. കൂലിപ്പണിക്കാരിയായ രാജേശ്വരി ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്

അവധിക്ക് വീട്ടിലെത്തിയ നഴ്സിങ് വിദ്യാർഥിനി മരിച്ചനിലയിൽ;കൊലപാതകമെന്ന് പൊലീസ്, പ്രതിക്കായി തിരച്ചിൽ

ഹൈദരാബാദ്: തെലങ്കാനയിൽ 18കാരിയായ നഴ്സിങ് വിദ്യാർഥിനിയെ വീടിന് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയുമായ ഹരിണിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെയാണ് പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം വ്യാപിപ്പിച്ചത്.

അവധി ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസം മുൻപാണ് ഹരിണി വീട്ടിലെത്തിയത്. അമ്മ രാജേശ്വരിയും സഹോദരിയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. നേരത്തെ പിതാവ് മരിച്ചിരുന്നു. കൂലിപ്പണിക്കാരിയായ രാജേശ്വരി ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് പുറത്തുള്ള കുളിമുറിക്ക് സമീപം ഹരിണിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ മകളുടെ മരണത്തിന് പിന്നിൽ കൊലപാതകമാണെന്ന് ആരോപിച്ച് രാജേശ്വരി ചില അയൽവാസികളുടെ പേര് അന്വേഷണ സംഘത്തിന് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിർണായക കണ്ടെത്തൽ പുറത്തുവന്നത്. ശ്വാസംമുട്ടിയതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയതോടെ കേസിൽ കൊലപാതകക്കുറ്റം കൂടി പൊലീസ് ചുമത്തി.

കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിവരം.

ഇയാളെ കണ്ടെത്തുന്നതിനും കേസിലെ മറ്റ് പ്രതികളെ തിരിച്ചറിയുന്നതിനുമായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച കാരണങ്ങളും കണ്ടെത്താനുള്ള വിശദമായ അന്വേഷണവും തുടരുകയാണ്.