ഒമാനിൽ ജനനനിരക്ക് കുത്തനെ കുറയുന്നു; 'വിഷൻ 2040'ൽ കുടുംബങ്ങൾക്ക് വൻ ആനുകൂല്യങ്ങൾ
ജോലിയും കുടുംബജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ സ്ത്രീകളെ സഹായിക്കുന്ന നയങ്ങൾ നടപ്പിലാക്കണമെന്നും നിർദേശമുണ്ട്
ഒമാനിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനനനിരക്കിൽ 39 ശതമാനത്തിന്റെ കുത്തനെ ഇടിവുണ്ടായതായി ദേശീയ ബയോഎത്തിക്സ് കമ്മിറ്റിയുടെ ഇന്റലക്ച്വൽ ഫോറം വ്യക്തമാക്കുന്നു. 2015-ൽ ആയിരം പേർക്ക് 34 ജനനങ്ങൾ എന്ന തോതിലായിരുന്നത് 2025-ഓടെ 20.8 ആയി താഴുകയായിരുന്നു. ജനനനിരക്കിലെ ഈ കുറവ് രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയെയും ആരോഗ്യരംഗത്തെയും തലമുറകൾ തമ്മിലുള്ള സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി 'ഒമാൻ വിഷൻ 2040' പദ്ധതിയിൽ കുടുംബ ഭദ്രതയും ജനനനിരക്ക് വർധിപ്പിക്കുന്നതിനുള്ള നയങ്ങളും ഉൾപ്പെടുത്തണമെന്ന് ഫോറം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുക, പലിശരഹിത വായ്പകൾ അനുവദിക്കുക, കുറഞ്ഞ ചെലവിൽ പാർപ്പിടം ലഭ്യമാക്കുക തുടങ്ങിയ നിർദേശങ്ങൾ ആലോചനയിലുണ്ട്. ഒപ്പം, യുവാക്കളുടെ വിവാഹത്തിന് സാമ്പത്തിക പിന്തുണ നൽകാൻ സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രത്യേക എൻഡോവ്മെന്റ് ഫണ്ട് രൂപീകരിക്കാനും വിവാഹത്തിന് മുന്നോടിയായുള്ള കൗൺസലിങ് നൽകാനും തീരുമാനമുണ്ട്.
സ്ത്രീകൾക്ക് പഠനവും ജോലിയും ഉപേക്ഷിക്കാതെ തന്നെ പ്രസവവും കുഞ്ഞുങ്ങളുടെ പരിപാലനവും സുഗമമാക്കാൻ സഹായിക്കുന്ന പരിഷ്കാരങ്ങൾക്കും രാജ്യം മുൻഗണന നൽകുന്നു. പ്രസവാവധി ദീർഘിപ്പിക്കുക, ജോലിസ്ഥലങ്ങളിൽ ശിശുപരിചരണ കേന്ദ്രങ്ങൾ (ഡേ കെയർ) സ്ഥാപിക്കുക, അമ്മമാർക്ക് വിരമിക്കൽ വ്യവസ്ഥകളിൽ ഇളവുകൾ അനുവദിക്കുക എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
Comments ()