ഒമാനിൽ തൊഴിൽ മന്ത്രാലയത്തിന്റെ ലോഗോയും പേരും ദുരുപയോഗം ചെയ്താൽ കർശന നടപടി
ഒമാനിൽ തൊഴിൽ മന്ത്രാലയത്തിന്റെ ലോഗോയോ പേരോ മുൻകൂർ അനുമതിയില്ലാതെ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ചു.
ഒമാനിൽ തൊഴിൽ മന്ത്രാലയത്തിന്റെ ലോഗോയോ പേരോ മുൻകൂർ അനുമതിയില്ലാതെ പരസ്യങ്ങളിലും പ്രചാരണങ്ങളിലും ഉപയോഗിക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. മന്ത്രാലയത്തിന്റെ പേര് ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, ഔദ്യോഗിക അംഗീകാരമുണ്ടെന്ന വ്യാജേന സേവനങ്ങളും ഉൽപ്പന്നങ്ങളും വിറ്റഴിക്കുന്നതുമായ പ്രവണത തടയുന്നതിനായി തൊഴിൽ മന്ത്രാലയം പ്രത്യേക സർക്കുലർ പുറത്തിറക്കി.
സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പ്രിന്റ് മാധ്യമങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പ്രമോഷണൽ മാർഗ്ഗങ്ങൾക്കും ഈ നിരോധനം ഒരുപോലെ ബാധകമാണ്. ഇനി മുതൽ മന്ത്രാലയവുമായി സഹകരണമോ പങ്കാളിത്തമോ ഉണ്ടെന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങൾ രേഖാമൂലമുള്ള ഔദ്യോഗിക അനുമതിപത്രം നിർബന്ധമായും കൈവശം സൂക്ഷിക്കേണ്ടതുണ്ട്. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കും അനുമതിയില്ലാതെ ലോഗോയോ പേരോ ഉപയോഗിച്ച് പ്രചാരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Comments ()