പ്രവാസികൾക്ക് വലിയ ആശ്വാസം; ഒമാനിൽ സിക് ലീവ്, അൺപെയ്ഡ് ലീവ് ഇൻഷുറൻസ് നിർബന്ധമാക്കി ഉത്തരവ്

അസുഖാവധി അസാധാരണ അവധി എന്നിവ ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഒമാന്‍ ഭരണകൂടം പ്രവാസി ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയത്.

പ്രവാസികൾക്ക് വലിയ ആശ്വാസം; ഒമാനിൽ സിക് ലീവ്, അൺപെയ്ഡ് ലീവ് ഇൻഷുറൻസ് നിർബന്ധമാക്കി ഉത്തരവ്

ഒമാന്‍: ഒമാനിലെ പ്രവാസി ജീവനക്കാര്‍ക്ക് വലിയ ആശ്വാസമേകുന്ന പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അസുഖാവധി അസാധാരണ അവധി എന്നിവ ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഒമാന്‍ ഭരണകൂടം പ്രവാസി ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയത്. സാമൂഹിക സംരക്ഷണ ഫണ്ട് പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് പ്രവാസികള്‍ക്ക് നിര്‍ണായകമായ ഈ പ്രഖ്യാപനമുള്ളത്.

സാമൂഹിക സംരക്ഷണ നിയമത്തിന്റെയും അതിന്റെ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം. സാമൂഹിക സംരക്ഷണ ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ പൂര്‍ണ്ണമായ അംഗീകാരത്തോടെയാണ് പുതിയ നിര്‍ദ്ദേശം ഔദ്യോഗികമായി പുറപ്പെടുവിച്ചത്. ഇതോടെ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വത്തിലും സാമൂഹിക സുരക്ഷയിലും വലിയൊരു ചുവടുവെപ്പാണ് ഒമാന്‍ നടത്തിയിരിക്കുന്നത്.

ഒമാനിലെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒമാന്‍ തൊഴില്‍ നിയമത്തിന് കീഴിലുള്ള മുഴുവന്‍ സ്വകാര്യ കമ്പനികള്‍ക്കും പുതിയ നിയമം ബാധകമാണ്. ഇവിടെ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള എല്ലാ പ്രവാസി ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നതാണ് പുതിയ തീരുമാനം. ഇതോടൊപ്പം, ഈ ഉത്തരവിന് വിരുദ്ധമായി നിലവിലുണ്ടായിരുന്ന മുന്‍കാല വ്യവസ്ഥകളെല്ലാം റദ്ദാക്കിയതായും സാമൂഹിക സംരക്ഷണ ഫണ്ട് അറിയിച്ചു.